കൊറോണ വൈറസ് വ്യാപനത്തിൽ തുടക്കം മുതൽ തന്നെ ചൈനയെ സംശയത്തിന്റെ നിഴലിൽ മാറ്റി നിർത്തി കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്ന ഡൊണാൾഡ് ട്രംപ് അവസാനം നിലപാടു മാറ്റത്തിലേയ്ക്ക്. വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന് ട്രംപ് ട്വിറ്ററിൽ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോൾ നിലനിന്നുകൊണ്ടിരിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയെ കുറിച്ച് ചർച്ച ചെയ്തതായും വൈറസ് വ്യാപനത്തെക്കുറിച്ച് കൂടുതൽ അറിവ് നേടിയ ചൈനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഉൾപ്പെടെ വൈറസ് വ്യാപനം നടക്കുന്ന ഏതു രാജ്യവുമായും ഒരുമിച്ച് പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് നിരവധി തവണ മുന്നറിയിപ്പു ലഭിച്ചുവെങ്കിലും അതൊന്നും മുഖവിലയ്ക്കെടുക്കാത്ത നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരുന്നത്. ഏതു അടിയന്തര സാഹചര്യങ്ങളെയും നേരിടുവാൻ യുഎസ് സജ്ജമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയതോടെ ട്രംപ് നിലപാട് മാറ്റുകയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ദുരഭിമാനം വെടിഞ്ഞ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകൾക്കായി ദക്ഷിണ കൊറിയയുടെ സഹായവും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.കൊറോണ രോഗ ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറിക്കടക്കുകയാണ് അമേരിക്ക എന്ന് വാദത്തിനോട് ചൈനയിലെ കണക്കുകൾ നിങ്ങൾക്ക് അറിയാനാവില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചതിന് ട്രംപിനെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.കൊറോണ വൈറസിനെ ചൈറുക്കുന്നതിനുള്ള ചൈനയുടെ നടപടികളെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. അതേ സമയം ന്യൂയോർക്കിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ലൂസിയാനയിലെ മൂന്നു വിനോദ പാർക്കുകൾ ഐസൊലേഷൻ യൂണിറ്റുകൾ ആക്കി മാറ്റിയിരിക്കുകയാണ് യു.എസ്.

You must be logged in to post a comment Login