തിരുവനന്തപുരം: സർക്കാരിൻ്റെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി ഭവനനിർമ്മാണ ബോർഡിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. പാവങ്ങൾക്ക് വീടു വെക്കാനുള്ള ‘ഗൃഹശ്രീ’ പദ്ധതിയുടെ തടഞ്ഞുവച്ച പണം അനുവദിക്കാണമെന്നാവശ്യപ്പെട്ടാണ് വ്യാജ ഉത്തരവ് ഇറക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു മാസം മുൻപാണ് ഭവനനിർമ്മാണ ബോർഡിൻെറ ജില്ലാ ഓഫീസുകളിൽ ഇ മെയിലായി വ്യാജ ഉത്തരവ് വന്നത്. ‘ഗൃഹശ്രീ പദ്ധതിയുടെ കീഴിൽ നിർമ്മിച്ചിട്ടുള്ള 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളുടെ തുടർ ഗഡുക്കൾ നൽകി ഉത്തരവാകുന്നു’- ഇങ്ങനെയാണ് മെയിൽ വന്നത്.
ഭവനനിർമ്മാണ വകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള ഉത്തരവായതിനാൽ പണം നൽകാനുളള്ള നടപടിയും ആരംഭിച്ചു. പക്ഷെ പിന്നീടാണ് മനസിലായത് ഈ സർക്കാർ ഉത്തരവ് വ്യാജമായിരുന്നുവെന്ന്.
ബിപിഎൽ വിഭാഗത്തിലുള്ള വീട് ഇല്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന ഭവനനിർമ്മാണ ബോർഡിൻ്റെ പദ്ധതിയാണ് ഗൃഹശ്രീ. ഗുണഭോക്താവ് രണ്ട് ലക്ഷം രൂപ ബോർഡിൽ അടച്ചാണ് ഈ പദ്ധതിക്ക് അനുമതി വാങ്ങേണ്ടത്. രണ്ട് ലക്ഷത്തിൽ ഒരു ലക്ഷം ഗുണഭോക്താവും ഒരു ലക്ഷം ഗുണഭോക്താവിന് വേണ്ടി ഒരു സ്പോണ്‍സറും അടയ്ക്കണമെന്നാണ് നിബന്ധന.
കെട്ടിടത്തിൻ്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് അടച്ച പണത്തിന് പുറമേ രണ്ടു ലക്ഷം രൂപ ബോർഡ് സബ്സിഡി നൽകും. 83 ച.മീറ്റർ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയിൽ അനുമതി. അതിനു മുകളിൽ വിസ്തീർണ്ണത്തിൽ വീട് നിർമ്മിച്ചാൽ ഗഡുക്കൾ നൽകിയില്ല.
കൂടാതെ കെട്ടിടത്തിൻ്റെ നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും പരിശോധിച്ച് പണം നൽകണമെന്നാണ് ചട്ടം. എന്നാൽ കാലങ്ങളായി ജില്ലാ ഓഫീസുകളിലെ എഞ്ചിനീയർമാർ പലപ്പോഴും അതു ചെയ്യാറുണ്ടായിരുന്നില്ലെന്നാണ് ആരോപണം.
അടുത്തിടെ ബോർഡിൽ പുതുതായെത്തിയ എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ 83 ച.മീറ്ററിന് മുകളിൽ തറവിസ്തീർണ്ണമുള്ള 100 ലേറെ കെട്ടിടങ്ങള്‍ കണ്ടെത്തി. ഇതോടെയാണ് കെട്ടിടങ്ങൾക്കുള്ള സഹായം ബോർഡ് നിർത്തിവെച്ചത്. ഇതിന് പിന്നാലെയാണ് 83 ച.മീറ്റർ നിബന്ധന 100 ആക്കിയുള്ള വ്യാജ ഉത്തരവ് വരുന്നത്.
സർക്കാർ ഇ-മെയിലിനു സമാനമായി ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ഉത്തരവെത്തിയത്. അതുകൊണ്ട് തന്നെ വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളത്. ഇതനുസരിച്ച് ജില്ലാ ഓഫീസർമാർ തടഞ്ഞുവച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പണം നൽകാനായി ബോർഡ് ആസ്ഥാനത്തുനിന്നും അനുമതി തേടി.
തടഞ്ഞുവച്ചിരിക്കുന്ന പണം അനുവദിക്കാമെന്ന് ബോർഡ് ആസ്ഥാനത്തുനിന്നും ഉത്തരവ് നൽകിയ ശേഷമാണ് വ്യാജ ഉത്തരവിനെ കുറിച്ച് ബോർഡ് ആസ്ഥാനത്തെ ഉന്നതർപോലും അറിയുന്നതെന്നാണ് വിവരം.
എന്നാൽ സെക്രട്ടറിയേററിൽ നിന്നും ഇത്തരമൊരു ഉത്തരവിറങ്ങിയിട്ടില്ലെന്ന കാര്യം വ്യക്തമായതോടെ പണം നൽകരുതെന്ന് ബോർഡ് ആസ്ഥനത്തുനിന്നും നിർദേശം നൽകുകയും പോലീസിൽ പരാതി നൽകുകയും ചെയ്തത്.
