ബിസിസിഐയുടെ പുതിയ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട റോജർ ബിന്നിയ്ക്ക് ആശംസകളുമായി മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബിസിസിഐ മികച്ച കരങ്ങളിലാണെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും ഗാംഗുലി പറഞ്ഞതായി ക്രിക്കറ്റ്നെക്സ്റ്റ് റിപ്പോർട്ട് ചെയ്തു.
“റോജർ ബിന്നിയ്ക്ക് എല്ലാവിധ ആശംസകളും. പുതിയ സംഘം ബിസിസിഐയെ മുന്നോട്ടുനയിക്കും. ബിസിസിഐ മികച്ച കരങ്ങളിലാണ്. അദ്ദേഹത്തിന് ആശംസകൾ നേരുന്നു.”- ഗാംഗുലി പറഞ്ഞു.
അതേസമയം, വനിതാ ഐപിഎലിന് ബിസിസിഐ അനുമതി നൽകി. ഇന്ന് മുംബൈയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അടുത്ത വർഷം മുതൽ ഐപിഎൽ നടത്താൻ ബിസിസിഐ അനുമതി നൽകിയത്. അടുത്ത വർഷം മാർച്ചിൽ അഞ്ച് ടീമുകളുമായി വനിതാ ഐപിഎൽ ആരംഭിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്.
വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.
