കോവിഡ് പരത്തുന്നുവെന്ന് ആരോപിച്ച്‌ കര്‍ണാടകയില്‍ മുസ്ലിംങ്ങള്‍ക്ക് നേരെ ആക്രമണം !

0
109

 

ബംഗളൂരു: കോവിഡ് പരത്തുന്നെന്ന് ആരോപിച്ച്‌ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നത് പതിവാകുന്നു. ഇത്തരം സംഭവങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റിലായെന്ന് ‘ദി ക്വിന്‍റ് ‘ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഗല്‍കോട്ട് ജില്ലയിലെ റബ്കവി ബനാഹട്ടി താലൂക്കിലെ ബിദരി ഗ്രാമത്തില്‍ രണ്ട് മുസ്ലിംങ്ങളെ 15ഓളം പേര്‍ ചേര്‍ന്ന് ആക്രമിക്കുന്ന വിഡിയോ അടക്കമുള്ളവയും ‘ദി ക്വിന്‍റ് ‘ പങ്കുവെക്കുന്നു. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചുള്ള ആക്രമണം നിര്‍ത്തണമെന്ന് കൈകൂപ്പി ഇരുവരും അപേക്ഷിക്കുന്നതും എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കാണാം.
‘ഇവരാണ് രോഗം പരത്തുന്നത്’ എന്ന് അക്രമിസംഘം ആക്രോശിക്കുന്നുമുണ്ട്.

ബാഗല്‍കോട്ടില്‍ തന്നെയുള്ള കടകൊരപ്പ ഗ്രാമത്തില്‍ ഒരു സംഘം പള്ളിയില്‍ കയറി പ്രാര്‍ഥനക്കെത്തിയവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. ബളഗാവി ജില്ലയിലെ യമകമരടി, സദലഗെ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാത്രി ഒന്‍പതിന്  ലൈറ്റ് അണച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ചിലര്‍ ബഹളമുണ്ടാക്കുന്ന വിഡിയോ ആണ് മറ്റൊന്ന്. ഇതുമായി ബന്ധപ്പെട്ട് 22 പേര്‍ അറസ്റ്റിലായി.

ബംഗളൂരുവില്‍ പൊലീസ് അനുമതിയോടെ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ സ്വരാജ് അഭിയാനിന്‍റെ  പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം ഒരു സംഘം വടികളും ക്രിക്കറ്റ് ബാറ്റും കൊണ്ട് ആക്രമിച്ചു. ‘നിങ്ങള്‍ തീവ്രവാദികളാണ്, നിങ്ങള്‍ നിസാമുദ്ദീനില്‍ നിന്ന് വരുന്നവരാണ്, നിങ്ങളാണ് രോഗം പരത്തുന്നത്’ എന്നൊക്കെ ആരോപിച്ചായിരുന്നു ആക്രമിച്ചതെന്ന് തലക്ക് പരിക്കേറ്റ സെയ്ദ് തബ്രീസ് പറഞ്ഞു.
ഭക്ഷണം വിതരണം ചെയ്യാന്‍ അമൃതഹള്ളിയില്‍ നിന്ന് ദാസറഹള്ളിക്ക് പോകുമ്പോള്‍   15 അംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് സ്വരാജ് ആഭിയാന്‍ ജനറല്‍ സെക്രട്ടറി സറീന്‍ താജ് പറഞ്ഞു. ‘നിങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. നിങ്ങള്‍ ഭക്ഷണത്തില്‍ തുപ്പിയാണ് നല്‍കുന്നത്’ എന്നൊക്കെ ആരോപിച്ചായിരുന്നു ആക്രമണം.

മഹാദേവപുരയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിം സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണം നല്‍കുന്നത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുന്ന വിഡിയോയും ‘ദി ക്വിന്‍റ് ‘ പങ്കുവെക്കുന്നു.
മംഗലാപുരത്തെ സെക്കന്‍റ് കൊല്യ, കന്നീര്‍ കോട്ട എന്നിവിടങ്ങളില്‍ മുസ്ലിം  കച്ചവടക്കാരെ ബഹിഷ്കരിച്ച്‌ ഗ്രാമീണര്‍ നോട്ടീസ് പതിച്ചിരുന്നു. കൊറോണ ഭീഷണി കഴിയും വരെ മുസ്ലിംങ്ങളെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നോട്ടീസില്‍ ‘എല്ലാ ഹിന്ദുക്കളും’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മുസ്ലിംങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി യദിയൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. ‘നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്കെതിരെ ആരും ഒരു വാക്കു പോലും പറയരുത്. ആരെങ്കിലും അത് ചെയ്താല്‍, കൊറോണ പരത്തുന്നത് മുസ്ലിം സമുദായമാണെന്ന് കുറ്റപ്പെടുത്തിയാല്‍, ഒരു നിമിഷം പോലും ചിന്തിക്കാതെ നടപടിയുണ്ടാകും എന്ന് ഞാന്‍ മുന്നറിയിപ്പ് തരുന്നു’ – അദ്ദേഹം പറഞ്ഞു.