പ്രവാസി മലയാളികള്‍ കൂടുതലായുള്ള മേഖലകളിൽ കോവിഡ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ വിവിധ സംഘടനകളുമായി സഹകരിച്ച് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. ദുബൈ, അബുദാബി, ഷാർജ, ഫുജൈറ, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലാണ് ഹെൽപ്പ് ഡെസ്ക്ക് സജ്ജമാക്കിയിട്ടുള്ളത്. ഈ ഹെല്‍പ്പ് ഡെസ്ക്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ അവര്‍ക്ക് സംസാരിക്കാവുന്നതാണ്. നോര്‍ക്ക വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവര്‍ത്തി വരുത്താവുന്നതുമാണ്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആറുവരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ ടെലിഫോണ്‍ സേവനം ലഭിക്കുക. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓര്‍ത്തോ, ഇഎന്‍ടി, ഓഫ്‌താല്‍മോളജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
വിദേശത്ത് ആറുമാസത്തില്‍ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികള്‍ക്ക് നോര്‍ക്കയില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന് നോര്‍ക്ക റൂട്ട്സ് ഓവര്‍സീസ് സ്റ്റുഡന്‍റ് രജിസ്ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും വിമാന യാത്രാക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്ത് പഠിക്കുന്ന എല്ലാ മലയാളി വിദ്യാര്‍ഥികളും ഇനി പഠനത്തിനു പോകുന്നവരും ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കും.
കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ള പതിനായിരം കലാകാരന്മാര്‍ക്ക് പ്രതിമാസം ആയിരം രൂപ നിരക്കില്‍ രണ്ടു മാസക്കാലത്തേക്ക് ധനസഹായം നല്‍കും. ഇതിന് മൂന്നുകോടി രൂപ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്ന് ചെലവഴിക്കും. നിലവില്‍ സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍നിന്നും പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്ന 3012 പേര്‍ക്ക് പുറമെയാണിത്. ഇതിനു പുറമെയുള്ള 20,000ത്തോളം വരുന്ന കലാകാരന്മാര്‍ക്ക് 1000 രൂപ വീതം രണ്ടുമാസം അനുവദിക്കും.
കശുവണ്ടി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ പൊതു സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,07,564 കശുവണ്ടിത്തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കും.
സംസ്ഥാനത്തെ 85,000പരം തോട്ടം തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം നല്‍കാന്‍ തീരുമാനിച്ചു.
ആധാരമെഴുത്ത്, കൈപ്പട, വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധിയില്‍നിന്നും ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും 3000 രൂപ ധനസഹായമായി നൽകും.

You must be logged in to post a comment Login