പഴയന്നൂര്‍: “ജീവനി സഞ്ജീവനി കര്‍ഷകര്‍ക്കൊരു കൈതാങ്ങ്” പദ്ധതി പ്രകാരം പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏഴ് കാര്‍ഷിക ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. വിഷുവിന് ശേഷം കാര്‍ഷിക ഉത്പാദനത്തില്‍ വിളവ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ക്ക് വില കുറവുണ്ടാകാതെ കര്‍ഷകരെ സഹായിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് 19 സാഹചര്യത്തില്‍ ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്തുകളില്‍ അധിക ഉത്പാദനം ഉണ്ടാകുന്ന ഘട്ടത്തില്‍ എഫ്ആര്‍ഒ കളില്‍ സംഭരണം നടത്തി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സര്‍ക്കാര്‍ സംവിധാനം വഴി വിപണനം നടത്തുക എന്നതാണു ലക്ഷ്യം വയ്ക്കുന്നത്.
പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇത്തരത്തില്‍ മാര്‍ക്കറ്റില്‍ എത്തിക്കുക. ബ്ലോക്ക് പരിധിയിലെ വിവിധ കൃഷിഭവനുകള്‍ മുഖാന്തിരവും പ്രാദേശിക ഉത്പന്നങ്ങള്‍ വിതരണം നടത്തും.
തിരുവില്വാമല മലേശമംഗലം എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റ്, പഴയന്നൂര്‍ ഇക്കോഷോപ്പ്, എസ്കെഎസ് പൊട്ടന്‍കോട്, ചേലക്കര എസ്കെഎസ് കളപ്പാറ, പാഞ്ഞാള്‍ കൃഷിഭവനില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും, വള്ളത്തോള്‍ നഗര്‍, കൊണ്ടാഴി കൃഷിഭവനുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും 10 മുതല്‍ 1 മണിവരെയും ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ അധിക ഉത്പാദന ഘട്ടങ്ങളില്‍ ആരംഭിക്കും.
കര്‍ഷകര്‍ക്ക് ആവശ്യമായ നെല്‍വിത്ത്, പച്ചക്കറി വിത്ത് എന്നിവ സമയബന്ധിതമായി ലഭ്യമാക്കും. പച്ചക്കറി വിത്ത് വിഎഫ്പിസികെയും, കെവികെയും മുഖേനയാണ് ലഭ്യമാക്കുന്നത്. നെല്‍വിത്ത് കേരള സീഡ് അതോറിറ്റിയും, നാഷണല്‍ സീഡ് കോര്‍പ്പറേഷനും മുഖേന ലഭ്യമാക്കും.
പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം യു.ആര്.പ്രദീപ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി.തങ്കമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍ സ്വാഗതം പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീബ ജോര്‍ജ് യോഗത്തിന് നന്ദി പറഞ്ഞു

You must be logged in to post a comment Login