കോവിഡ് 19 ഭീതി ജനിപ്പിക്കുന്ന സാഹചര്യത്തിൽ, രോഗം ഭേദമായി ഭാര്യാ സഹോദരിയുടെ പ്രാക്കുളത്തെ വീട്ടിൽ തിരിച്ചെത്തി സേവ്യർ. രോഗം ഭേദമായെങ്കിലും പ്രാക്കുളത്തെ വീട്ടിൽ ക്വാറന്റീനിലാണ് അദ്ദേഹം.
കോവിഡിനെ കുറിച്ചും, താൻ നേരിട്ട ആശങ്കയെ കുറിച്ചും സേവ്യർ പറയുന്നു. “അഞ്ചര വർഷമായി ഞാൻ വിദേശത്താണ്. മാർച്ച് 18നാണു നാട്ടിലേക്കു തിരിച്ചെത്തുന്നത്. പോരുന്നതിന് ഒരാഴ്ച മുൻപ് അവിടെ വച്ചു ചുമ, തുമ്മൽ, കണ്ണു ചൊറിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകളുണ്ടായിരുന്നു.
ആ സമയത്തു ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് എവിടെയും രോഗം സ്ഥിരീകരിച്ചിട്ടുമില്ല. ഒരു ദിവസം ശുചിമുറിയിൽ നിന്നു പുറത്തേക്ക് ഇറങ്ങിയപ്പോൾ പെട്ടെന്ന് അസ്വസ്ഥത തോന്നി നിലത്തു വീഴുകയും ചെയ്തു. ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോൾ ബിപി കൂടിയതാണെന്നാണു പറഞ്ഞത്. പിന്നെയും ചില അസ്വസ്ഥതകൾ തോന്നിയതിനാൽ നാട്ടിലേക്കു വരാൻ തീരുമാനിക്കുകയായിരുന്നു. നാട്ടിലെത്തിയതിനു ശേഷം ആശുപത്രിയിലേക്ക് അല്ലാതെ എവിടേയ്ക്കും പോയിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനു ശേഷം ആശുപത്രിയിൽ തന്നെ.
എങ്ങനെയെന്ന് അറിയില്ല, ആ സമയത്തെ മറികടക്കാനുള്ള ധൈര്യം ലഭിച്ചത്. ഞാൻ മൂലം മറ്റൊരാൾക്കു രോഗം പകരരുത് എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏക ആകുലത അതു മാത്രമായിരുന്നു. വീട്ടിലെ ഒരാൾക്കു മാത്രമാണ് എന്നിൽ നിന്നു രോഗം പകർന്നത്. അവരുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ല. അതാണിപ്പോൾ ആശ്വാസം. ജോലി ചെയ്തിരുന്ന ഓഫിസിലേക്കു വിളിച്ച് അന്വേഷിക്കുന്നുണ്ട്. അവിടെ ആർക്കും ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് അറിഞ്ഞത്.
നാട്ടിലെത്തിയതും ഇവിടുത്തെ ചികിത്സയുമൊക്കെ തന്ന ആശ്വാസം ചില്ലറയല്ല. ഐസലേഷൻ വാർഡിലായിരുന്ന സമയത്ത്, വീട്ടിലുള്ള എല്ലാവരെയും അവിടെ ഐസലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും ആരെയും കാണാൻ സാധിച്ചിരുന്നില്ല. ഭാര്യ വാതിലിനു പുറത്തു വന്നു നിൽക്കും. അങ്ങനെയാണു ഞങ്ങൾ സംസാരിച്ചിരുന്നത്. പ്രാർഥനയോടെയാണ് ഓരോ ദിവസത്തെ മറികടന്നത്. പിന്നീടുള്ള പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണെന്നറിഞ്ഞപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല.
ഈ സമയം നമ്മൾ വേഗത്തിൽ മറികടന്നേ മതിയാകൂ. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നാണു നിർദേശമെങ്കിലും ആ സമയം കഴിഞ്ഞാലും ഉടനെയൊന്നും പുറത്തേക്കു പോകുന്നില്ല. 4 മാസം കഴിഞ്ഞതിനു ശേഷം മാത്രമേ തിരിച്ചു വിദേശത്തേക്കു പോകുന്നതിനെക്കുറിച്ചു പോലും ചിന്തിക്കൂ”
കോവിഡ് ഓരോ ദിവസം കഴിയുംതോറും ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. എന്നിരുന്നാൽ കൂടിയും സേവ്യറിനെ പോലെയുള്ള ആളുകൾ നമുക്കൊരു ആത്മവിശ്വാസമാണ്. കേരളത്തിന്റെ കോവിഡ് 19 അതിജീവന കഥയാണ് സേവ്യറിലൂടെ ജനം കേൾക്കേണ്ടത്. അഭിമാനിക്കാം, നമുക്ക് കേരളത്തിന്റെ സ്വന്തം ആരോഗ്യ മേഖലയെയും സുരക്ഷാ സേവനങ്ങളെയും ഓർത്ത്.

You must be logged in to post a comment Login