ചൈനയിൽ ആകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന പകർച്ചവ്യാധിയായ കൊറോണ വൈറസ് ലോകത്തിന് തന്നെ മാരക ഭീഷണിയായി മാറിയിട്ടുണ്ട്. ലോകരാജ്യങ്ങളും ലോകാരോഗ്യസംഘടനയുമെല്ലാം രോഗ പ്രതിരോധ നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. കൂടാതെ വൈറസിനെതിരെ കനത്ത ജാഗ്രത വേണമെന്നും അറിയിച്ചിട്ടുണ്ട് . വൈറസ് മനുഷ്യരിലേക്ക് പടർന്നതിന്റെ ഉറവിടം പാമ്പുകളാവാം എന്ന നിഗമനത്തിലായിരുന്നു ശാസ്ത്ര ലോകം. ചൈനീസ് ക്രെയ്റ്റും ചൈനീസ് കോബ്രയും തുടങ്ങിയ ഇനത്തില്‍ പെട്ട പാമ്പുകളാണ് കൊറോണ വൈറസ് പടരാൻ കാരണമായതെന്നാണ് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നത് .
എന്നാൽ വൈറസിന്റെ യഥാർത്ഥ ഉറവിടം വവ്വാലുകളാണെന്നാണ് പുതിയ നിഗമനം. വവ്വാലുകളെ ആഹാരമാക്കിയ പാമ്പുകളിലേക്ക് ആദ്യം വൈറസ് പടരുകയും പിന്നീട് പാമ്പുകളെ ഭക്ഷിച്ച മനുഷ്യരിലേക്ക് കൊറോണ വ്യാപിക്കുകയുമായിരുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് .
കൊറോണാ വൈറസ് ഉത്ഭവിച്ചു എന്ന് കരുതുന്ന വുഹാനിലെ സീഫുഡ് മാർക്കറ്റിൽ നിന്ന് അനധികൃതമായി പാമ്പിനെയും, മുള്ളൻപന്നിയെയും, മുതലയേയും, നീര്നായയെയും,പെരുച്ചാഴിയെയും, ചെന്നായ്ക്കുഞ്ഞുങ്ങളെയുമൊക്കെ വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാർക്കറ്റ് വൈറസ് ബാധയെത്തുടർന്ന് ഇപ്പോള്‍ അധികൃതർ അടച്ചു പൂട്ടിയിരിക്കുകയാണ്.
രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് മധ്യ ചൈനയിലെ പ്രധാന നഗരമായ വുഹാനിൽ കഴിഞ്ഞ ഡിസംബർ അവസാനത്തോടെയായിരുന്നു . അതിവേഗം പടർന്നു കൊണ്ടിരിക്കുന്ന ഈ വൈറസ് ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ആളുകളെയും ഇതിനകം ബാധിച്ചു കഴിഞ്ഞിട്ടുണ്ട്.
മൈക്രോസ്കോപ്പ് ഉപയോഗിച്ച് വീക്ഷിക്കുമ്പോൾ ഒരു രാജ കിരീടത്തിന്റെ ആകൃതിയോട് സമ്യമുള്ളതിനാലാണ് വൈറസിന് കൊറോണ എന്ന പേര് നൽകിയിട്ടുള്ളത്.വായുവിലൂടെയാണ് കൊറോണ വൈറസ് പകരുന്നത്. പക്ഷികളുടെയും,സസ്തനികളുടെയും ശ്വാസകോശത്തെയും ദഹനനാളത്തെയും ആണ് ഈ വൈറസ് ബാധിക്കുന്നത് . അണുബാധ സംഭവിച്ചവരിൽ നേരിയ പനി പോലുള്ള ലക്ഷണങ്ങളുണ്ടായി തുടർന്ന് ശ്വാസകോശ പ്രശ്നങ്ങളിലേക്ക് വർധിച്ചാണ് മരണത്തിലേക്ക് വഴിവയ്ക്കുന്നത്. കൊറോണ വൈറസ് അണുബാധയ്ക്ക് നിർഭാഗ്യവശാൽ അംഗീകൃത വാക്സിനോ ആൻറിവൈറൽ ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് ഈ പകര്‍ച്ചവ്യാധിയുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു .

You must be logged in to post a comment Login