തിരുവനന്തപുരം∙ ജനതാ കർഫ്യുവിനു പിന്നാലെ, കൊറോണ വൈറസ് വ്യാപനം തടയാൻ രാജ്യത്തെ 75 ജില്ലകൾ അടച്ചിടുന്നതിനൊപ്പം കേരളത്തിലെ ചില ജില്ലകൾ കൂടി അടച്ചിടാനുള്ള കേന്ദ്രതീരുമാനത്തിൽ സംസ്ഥാന സർക്കാർ ഇനിയും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും വരുംദിവസങ്ങളിൽ സംസ്ഥാനത്ത് നടപടികൾ കർശനമാക്കേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗത്തിനുശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
കേന്ദ്ര നിർദേശത്തെത്തുടർന്ന് കോവിഡ് രോഗം സ്ഥിരീകരിച്ച ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ലോക്ക് ഡൗണ്‍ നടപ്പിലാക്കി തുടങ്ങി. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതോടെ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും. ജനം വീടുകളിൽതന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പിക്കുകയാണ് ലോക്ക് ഡൗണിലൂടെ ചെയ്യുന്നത്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം എന്നീ പത്തു ജില്ലകൾ അടച്ചിടണമെന്നാണ് ഞായറാഴ്ച കേന്ദ്ര നിർദ്ദേശം വന്നത്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് ഈ ജില്ലകൾക്കൊപ്പം കോഴിക്കോട്ട് രണ്ടു പേർക്കു കൂടി കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ പതിനൊന്ന് ജില്ലകളിൽ നിയന്ത്രണം ബാധകമാക്കേണ്ട സ്ഥിതിയാണുള്ളത്.
കോവിഡ് നിരീക്ഷണത്തിലായവർ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടന്നാൽ ക്രിമിനൽ കേസ് അടക്കം പൊലീസ് നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രോഗവ്യാപനം തടയാൻ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ടർമാർക്കും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്‌ഷൻ 144 പ്രയോഗിക്കാനാണ് അനുമതി നൽകിയത്.

You must be logged in to post a comment Login