കൊച്ചി : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടുത്തിടെ ചൈന സന്ദർശിച്ചു തിരിച്ചു വന്ന 80 പേർ നിരീക്ഷണത്തിൽ. പനി , ചുമ തുടങ്ങിയ ചെറിയ അസ്വസ്ഥകൾ പ്രകടിപ്പിച്ച ഏഴുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവർ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞു വരുന്നു . 28 ദിവസങ്ങൾ വീടിനു പുറത്തിറങ്ങാതെയും ആളുകളുമായി സമ്പർക്കത്തിൽ ഏര്‍പ്പെടാതെയും സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടക്കുന്ന പരിശോധനയിൽ ഇതുവരെ സംശയാസ്പദമായ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ചൈനയിലെ വുഹാനിലാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് സിംഗപ്പൂർ, അമേരിക്ക, വിയറ്റ്നാം, ജപ്പാൻ, നേപ്പാൾ,തായ്ലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എല്ലാം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അനുസരിച്ചാണ് ഇത്തരമൊരു നടപടി ആരോഗ്യ വകുപ്പ് കൈക്കൊണ്ടത്. സുരക്ഷാ മാർഗങ്ങളും മരുന്നുകളും ഉടൻ ലഭ്യമാക്കാൻ കെ.എംഎസ്സി.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രോഗ ബാധ സംശയിക്കപ്പെടുന്നവരുടെ എല്ലാം സാമ്പിളുകൾ വൈറോളജി വിഭാഗത്തിലേയ്ക്ക് അയച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് 25 പേരാണ് ചൈനയിൽ മരിച്ചത്. 830 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ 29 പ്രവിശ്യകളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സൗദി അറേബ്യയിൽ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധിച്ചു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, ഇത് 2012 ൽ കണ്ടെത്തിയ മെഴ്സിന് കാരണമായ വൈറസാണെന്നും , ചികിത്സാ വിധേയമാണെന്നും ഇന്ത്യൻ നയതന്ത്രാലയം ട്വീറ്റ് ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login