തിരുവനന്തപുരം∙ ഓൺലൈനിലൂടെ മദ്യം വിൽക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഓൺലൈൻ മദ്യവ്യാപാരം സർക്കാരിനു മുന്നിലുള്ള വിഷയമല്ല. ഇപ്പോഴും അതേ നിലപാടാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉത്തരവുണ്ടാകുന്നതുവരെ മദ്യശാലകൾക്കുള്ള നിരോധനം തുടരുമെന്ന് മന്ത്രി പറഞ്ഞു. മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനമെടുക്കും. കഴിയുന്നത്ര ലഹരി ഉപയോഗത്തിൽനിന്ന് ആളുകൾ പിന്തിരിയണമെന്ന് മന്ത്രി അഭ്യർഥിച്ചു. എല്ലാ ജില്ലകളിലും ഡീ അഡിക്‌ഷൻ സെൻററുകളുണ്ട്. അവിടെ ചികിൽസ സൗജന്യമാണ്. പ്രയാസമുള്ള ആളുകൾ അവിടെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ മദ്യവിൽപ്പന പ്രായോഗികമല്ലെന്ന് ബവ്റിജസ് കോർപ്പറേഷൻ അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓൺലൈൻ വഴി മദ്യവിൽപ്പനയില്ല. ഓൺലൈൻ വഴി മദ്യം വിൽക്കാമെന്ന തീരുമാനത്തിലേക്കു സർക്കാർ കടന്നാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറത്തിറക്കേണ്ടി വരുമായിരുന്നു.1953ലെ ഫോറിൻ ലിക്വർ ആക്ടിലും 2002 ലെ അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂൾസിലുമാണ് ഭേദഗതികൾ വരുത്തേണ്ടിയിരുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന കാര്യമല്ല. ഓൺലൈൻ വഴി മദ്യം വിൽക്കാൻ തീരുമാനിച്ചാൽ വിതരണത്തിനും പ്രയാസമായിരിക്കുമെന്ന് ബവ്റിജസ് കോർപ്പറേഷൻ അധികൃതർ പറയുന്നു.

You must be logged in to post a comment Login