കൊറോണ വൈറസ് ബാധ മൂലം ഒറ്റപ്പെട്ട വുഹാൻ പ്രവിശ്യ ഇപ്പോൾ ഒരു പ്രേത നഗരം പോലെ കാണപ്പെടുന്നു. ചൈനയിലെ 10 സമ്പന്ന നഗരങ്ങളിൽ ഒന്നായിരുന്നു വുഹാൻ നഗരം, ചൈനയുടെ നാലു വശങ്ങളിലേയ്ക്കും, ലോകത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ട്രാൻസ്പോർട്ട് സൗകര്യമുള്ള മാർക്കറ്റായിരുന്നു വുഹാൻ. ഇന്നലെ വരെ വുഹാന് ഇത് അനുഗ്രഹമായിരുന്നെങ്കിൽ ഇപ്പോൾ ഈ സൗകര്യം ശാപമായിരിക്കുകയാണ്.
വുഹാൻ നഗരം ഇപ്പോൾ ഏകാന്ത തടവ് അനുഭവിക്കുന്ന തടവുപുള്ളിയെപ്പോലെ ഒറ്റപ്പെട്ടു കഴിയുകയാണ്. 1.1 കോടി ജനസംഖ്യയുള്ള നഗരത്തിൽ എല്ലാവരും മരണഭയത്തിൽ കഴിയുകയാണ്. വുഹാൻ വിട്ട് പുറത്തോട്ടും പുറത്തു നിന്ന് ആർക്കും നഗരത്തിലോട്ടും പ്രവേശനമില്ലാതെ ശ്വാസം മുട്ടി കഴിയുകയാണ് വുഹാൻ ജനത. പുറത്തേയ്ക്ക് ആർക്കെങ്കിലും പോകേണ്ടി വന്നാൽ തന്നെ മതിയായ കാരണം അധികൃതരെ ബോധിപ്പിക്കേണ്ടതുണ്ട്. വുഹാൻ നഗരത്തിലൂടെ ട്രെയ്നുകൾ ചീറിപ്പായുന്നുണ്ട്. അതിൽ നിന്നും യാത്രക്കാർ പേടിയോടെ നോക്കുന്നുമുണ്ട്. പക്ഷേ ഒരു ട്രെയിൻ പോലും നഗരത്തിൽ നിർത്തുന്നില്ല. റെയിൽ വേ സ്റ്റേഷനും, പാർക്കും റസ്റ്ററന്റും പാതയോരവും എല്ലാം വിജനമാണ്. മരണത്തിന്റെ ഗന്ധമുള്ള കാറ്റു മാത്രം ഇടയ്ക്കിടെ വീശുന്നു. ചൈനയെ സംബന്ധിച്ച് വുഹാൻ വളരെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. ഇവിടുത്തെ ഹ്വനാൻ മാർക്കറ്റിൽ ആണ് വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത്. കാട്ടു മൃഗങ്ങളെ അനധികൃതമായി വിൽക്കുന്ന മാർക്കറ്റ് കൂടിയാണ് ഹ്വനാൻ. ഇവിടെ മുതലകളുടെ ഇറച്ചി മുതൽ കംഗാരുവിന്റെ ഇറച്ചി വരെ ലഭിച്ചിരുന്നു . മാർക്കറ്റിൽ വിൽക്കാൻ കൊണ്ടു വന്ന പാമ്പിറച്ചിയിൽ നിന്നാണ് വൈറസ് പടർന്നത് എന്ന് പറയുന്നു. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ ആണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ യാങ്സി നദി വുഹാന് സമീപത്തു കൂടി ഒഴുകുന്നുണ്ട്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർത്ഥികളുടെ സുപ്രാധനമായ പ്രവർത്തന കേന്ദ്രം കൂടിയാണ് വുഹാൻ. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രവർത്തന കേന്ദ്രവും വുഹാനാണ്. 2002 ൽ ചൈനയിൽ സാർസ് രോഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന രോഗ വിവരം ലോകത്തിന്റെ മുമ്പിൽ മറയ്ക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ ഇപ്പോൾ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഡിസംബർ 31 ന് ചൈന ലോകാരോഗ്യ സംഘടനയെ വിവരം അറിയിച്ചിരുന്നു.
വിവരം അതിവേഗം അറിയച്ചതിന് WHO ചൈനയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ രോഗം പടർന്ന നഗരത്തെ വിലക്കപ്പെട്ട നഗരമാക്കി അടച്ചു പൂട്ടുന്ന ചൈനയുടെ നടപടിയിൽ സംശയമുണ്ടെന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന. ഇതൊടൊപ്പം ആവശ്യവസ്തുക്കളുടെ വില അഞ്ചിരട്ടിയായി ഉയർത്തിയിരിക്കുക കൂടിയാണ് പലരും. പൊതു ഗതാഗതം പൂർണമായും നിർത്തി വച്ച പശ്ചാത്തലത്തിൽ ടാക്സി കൂലിയും കൂട്ടിയിരിക്കുകയാണ്. ആവശ്യമായ മാസ്കും മരുന്നുകളും ലഭിക്കുന്നില്ലായെന്ന പരാതിയും ഉണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ചൈനയിൽ ഒരു ആശുപത്രി പണിതുകൊണ്ടിരിക്കുയാണ് ഇപ്പോൾ.
സർക്കാർ തിങ്കളാഴ്ചയോടെ അതിന്റെ പണി പൂർത്തിയാവും എന്നു കരുതുന്നു. ചൈനയിലെ സുപ്രധാനമായ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. വൻമതിലിലേയ്ക്കുള്ള പ്രവേശനവും നിർത്തി വച്ചിരിക്കുകയാണ്.

You must be logged in to post a comment Login