തെക്കേ അമേരിക്കയിലെ ഏറ്റവും പ്രമുഖ അഗ്നിപർവതങ്ങളിലൊന്നായ ടങ്കുറാഹ്യുവ പൊട്ടിത്തെറിക്കാനൊരുങ്ങുന്നു. 3000 വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു ദുരന്തം വീണ്ടും കൺതുറക്കുന്നു എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഇക്വഡോറിലെ പ്രശസ്ത അഗ്നിപർവതമായ ഇതിന് കറുത്ത രാക്ഷസനെന്നും തീ നിറച്ച കഴുത്തെന്നുമൊക്കെയാണു വിളിപ്പേര്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന വിധം എപ്പോഴും സജീവമായതിനാണ് അഗ്നിപർവതത്തിനു ഈ പേര് ലഭിച്ചത്.
ഈ അഗ്നിപർവതം ആൻഡീസ് പർവത നിരകളുടെ ഭാഗമാണ് എന്നാൽ ആൻഡീസിലെ മറ്റു മലകളെ പോലെ മഞ്ഞുനിറഞ്ഞ കാലാവസ്ഥയല്ല ടങ്കുറാഹ്യുവയിൽ. അഗ്നിപര്‍വതത്തിലെ ചൂടുതന്നെയാണ് ഇതിനു പ്രധാന കാരണം. മഞ്ഞില്ലാത്ത പർവ്വതമായതിനാലും കറുപ്പ് നിറമായതിനാലും ആണ് ‘കറുത്ത രാക്ഷസൻ’ എന്ന പേരു വീണത്. സജീവ അഗ്നിപർവതമായതിനാൽത്തന്നെ ഗവേഷകർ വർഷങ്ങളായി ഇതിനെ നിരീക്ഷിക്കുന്നു. അടുത്തിടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് . പർവതത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് കാര്യമായ മാറ്റങ്ങൾ കണ്ടെത്തിയത്.
മുൻപ് ടങ്കുറാഹ്യുവ പൊട്ടിത്തെറിച്ചപ്പോൾ അഗ്നിപർവതത്തിൽ നിന്ന് അന്ന് മണ്ണും പാറയും ലാവയുമെല്ലാം ഒഴുകിപ്പരന്നത് 30 ചതുരശ്ര മൈൽ പ്രദേശത്തായിരുന്നു. ഇനിയൊരിക്കൽക്കൂടി പൊട്ടിത്തെറിച്ചാൽ മേഖലയില്‍ വൻ നാശനഷ്ടമായിരിക്കും ഉണ്ടാവുകയെന്നും ഏർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് ജേണലിലെ പഠനറിപ്പോർട്ടിൽ പറയുന്നു.

You must be logged in to post a comment Login