വാഷിങ്ടണ്‍ :ചന്ദ്രനിലുള്‍പ്പെടെ ഛിന്നഗ്രഹങ്ങളില്‍ ഖനനം ചെയ്യാന്‍ അമേരിക്കയിലെ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന എക്സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവച്ച് ടൊണാള്‍ഡ് ട്രംപ്. അങ്ങനെ ബഹിരാകാശത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുകയാണ് അമേരിക്ക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബഹിരാകാശത്ത് വിന്യസിക്കാനുള്ള സൈന്യത്തെ തയ്യാറാക്കുന്ന കരാറിലും ട്രംപ് ഒപ്പിട്ടിരുന്നു.
ബഹിരാകാശം മാനവികതയുടെ മുഴുവന്‍ ആണെന്ന ആഗോള നയത്തിനെതിരായാണ് ട്രംപിന്റെ ഈ ഉത്തരവ്. ബഹിരാകാശ വിഭവങ്ങളെ കണ്ടെത്താനും ഉപയോഗിക്കുന്നതിനുമായി ആഗോള തല പിന്തുണയും ഓര്‍ഡറില്‍ തേടുന്നുണ്ട്. അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ നീക്കത്തിനൊരുങ്ങുന്നത്.
ഭാവിയില്‍ മറ്റു ഗ്രഹങ്ങള്‍ അമേരിക്കയുടെ അധികാര പരിധിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കൊമൊസ് അഭിപ്രായപ്പെട്ടിരുന്നു.
1979 ലെ യു.എന്‍ കൊണ്ടു വന്ന മൂണ്‍ അഗ്രിമെന്റ് 18 രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഇതുപ്രകാരം ബഹിരാകാശത്തെ എല്ലാവരും സമമായാണ് കാണുന്നത്. യുഎന്നിന്റെ നിയമ പ്രകാരം മാനവികതയ്ക്ക് മുഴുവനും ഉപകാരപ്പെടാന്‍ വേണ്ടിയാണ് ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തേണ്ടത്. ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഈ വ്യവസ്ഥയ്ക്കെതിരാണ്.

You must be logged in to post a comment Login