ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി തമിഴ്നാട്. 75 പേർക്കു കൂടി ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചതോടെ ആകെ സംസ്ഥാനത്ത് കോവിഡ് ബാധിതർ 309 പേരായി. തബ്‌ലീഗ് യോഗത്തിൽ പങ്കെടുത്ത ശേഷം തമിഴ്നാട്ടിലെത്തിയതെന്നു കരുതുന്ന 1103 പേരെ കണ്ടെത്തിയിട്ടുണ്ട് . ഇവരുടെയെല്ലാം സാംപിൾ പരിശോധന പൂർത്തിയായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായിട്ടു സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയവരെയും ഇവരുടെ ബന്ധുക്കളെയും ക്വാറന്റീനിലാക്കി. ഇവരിൽ രോഗ ലക്ഷണങ്ങളുള്ളവരുടെ സാംപിൾ പരിശോധിക്കും. സംസ്ഥാനത്തെ ആകെ രോഗികളിൽ 264 പേർ നിസാമുദ്ദീൻ ബന്ധമുള്ളവരാണ്.
ഇതേ സമയം പുതുച്ചേരിയിൽ ഒരാൾക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4 ആയി. അരിയൻകുപ്പം ഗ്രാമത്തിലെ സ്ത്രീക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതേ ഗ്രാമത്തിലുള്ള നിസാമുദ്ദീനിലെ തബ്‌ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത 2 പേരുടെ ഫലം നേരത്തേ പോസിറ്റീവ് ആയിരുന്നു. ഇനിയും ഒരാളുടെ ഫലം ലഭിക്കാനുണ്ട്. പുതുച്ചേരിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് മാഹി സ്വദേശിയായ യുവതിക്കായിരുന്നു. ഇവർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗികളുടെ എണ്ണം 300 കടന്നെങ്കിലും ഇതുവരെ സമൂഹ വ്യാപനമെന്ന മൂന്നാം ഘട്ടത്തിലേക്കു കടന്നിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് പറയുന്നത് . വിദേശത്തു നിന്നെത്തിയവർ, അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ, മറ്റു സംസ്ഥനങ്ങളിൽ നിന്നെത്തിയവർ, അവരുടെ സമ്പർക്ക പട്ടികയിലുള്ളവർ എന്നിവർക്കു മാത്രമാണു ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നിലവിൽ സംസ്ഥാനത്തെ 19 ജില്ലകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു .

You must be logged in to post a comment Login