കർണാടകയ്ക്ക് തിരിച്ചടി : അതിര്‍ത്തി അടക്കാൻ പറ്റില്ല.

0
102

കേരള ഹൈക്കോടതിയുടെ അതിർത്തികൾ തുറക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കർണാടകയ്ക്കു തിരിച്ചടി. കർണാടകയുടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ലന്നു മാത്രമല്ല അത്യാവശ്യ വാഹനങ്ങൾ കടത്തിവിടണമെന്നും റോഡടച്ചാൽ നിയമ നടപടികൾ ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് പ്രത്യേകമായ സംയുക്ത സമിതി രൂപീകരിക്കണം. പ്രശ്നം . ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. രോഗികളെ കടത്തിവിടാന്‍ മാർഗരേഖ തയ്യാറാക്കണം ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാർ ഉള്‍പ്പെട്ടതാണു സമിതി. കേസ് ചൊവ്വാഴ്ച പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേരള– കർണാടക അതിർത്തിയായ തലപ്പാടിയിൽ അടച്ചിട്ട ദേശീയപാത തുറക്കണമെന്നു കേരള ഹൈക്കോടതി വിധിച്ചിട്ടും നടപ്പാക്കാൻ കർണാടക തയാറായിരുന്നില്ല. കൂടുതൽ പൊലീസുകാരെ അതിർത്തിയിൽ വിന്യസിച്ചു സുരക്ഷ ശക്തമാക്കുകയാണു കർണാടക ചെയ്തത്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി മംഗളൂരുവിലെ ആശുപത്രികളിലേക്ക് എത്തിയ ആംബുലൻസുകൾ ഇന്നലെയും തിരിച്ചു വിട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ 8 സ്വകാര്യ മെഡിക്കൽ കോളജുകളോടു ജില്ലാ ആരോഗ്യ ഓഫിസർ കേരളത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്നു ഉത്തരവിട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്നു സുപ്രീം കോടതി തന്നെ അറിയിച്ചത്.