ദിനംപ്രതി കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമേഖലയെ നയിക്കുന്നവരാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ.
ഇക്കഴിഞ്ഞ ദിനങ്ങളിൽ മുംബൈയിലും ഡൽഹിയിലുമായി നിരവധി ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ ധാരാളം നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യം രാജ്യത്തെ മറ്റ് ആരോഗ്യ പ്രവർത്തകരിൽ ഉണ്ടാക്കിയ ആശങ്കയ്ക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് സുപ്രീംകോടതി. ആരോഗ്യപ്രവർത്തകർ പോരാളികൾ ആണെന്നും അവർക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നും കേന്ദ്രത്തോട് നിർദേശം നൽകിയിരിക്കുകയാണ് സുപ്രീംകോടതി.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ രോഗപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത ഇല്ലായ്മയും അശാസ്ത്രീയമായ രോഗി പരിചരണവും കാരണമാണ് ഇവർക്ക് രോഗം ബാധിക്കുന്നത് എന്ന വിമർശനം ഇതിനിടെ ഉയർന്നുവന്നിരുന്നു. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം സുരക്ഷ ഉറപ്പാക്കാൻ മതിയായ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല എന്ന പരാതിയും വ്യാപകമായിരുന്നു.എന്നാൽ അത്തരത്തിലുള്ള പരാമർശങ്ങൾക്ക് അവസാനമിട്ടിരിക്കുകയാണ് സുപ്രീംകോടതി.
ജസ്റ്റിസുമാരായ അശോക ഭൂഷൺ, എസ് രവീന്ദ്രൻ പാട്ട് എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിന് നിർദേശം നൽകിയത്. ആരോഗ്യ പ്രവർത്തകർക്ക് വേണ്ട മാസ്ക്, സാനിറ്റെയ്സർ, തുടങ്ങിയ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തത് സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി ഹർജി പരിഗണിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് പോലീസ് സംരക്ഷണം നൽകണമെന്നും, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ വഴി തേടണമെന്നും, ആഭ്യന്തര ആവശ്യം പരിഗണിച്ച് കയറ്റുമതി നിയന്ത്രിക്കാമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ കോടതി സർക്കാരിന് നൽകി.

You must be logged in to post a comment Login