സംസ്ഥാനത്ത് ഏകദേശം ഒരു മാസകാലത്തോളമായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.ഓരോ ദിനങ്ങൾ ചെല്ലുംതോറും കനത്തചൂടിലേക്കായിരുന്നു കേരളം പോയി കൊണ്ടിരുന്നത്. വേനൽ ചൂടിന് ആശ്വാസമായി എത്തിയിരിക്കുകയാണ് മഴ. കാസർകോട് ജില്ലയിൽ പലയിടത്തും കനത്ത മഴ പെയ്തു. കാസർകോട് നഗരത്തിലും മലയോര മേഖലകളിലും മഴ ലഭിച്ചു.ചില പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴവും വർഷിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ തുടങ്ങിയ മഴ ഒരു മണിക്കൂർ വരെ തുടർന്നിരുന്നു.
അപ്രതീക്ഷിതമായാണ് മഴക്കൊപ്പം ആലിപ്പഴവും പെയ്തത്. ജില്ലയിൽ അപൂർവമായി മാത്രം ലഭിക്കാറുള്ള ഇത് ജനങ്ങളിൽ ആവേശവും അമ്പരപ്പും ഉണ്ടാക്കി.മഴയ്ക്കൊപ്പം വീഴുന്ന ഐസ് കട്ടകളാണ് ആലിപ്പഴം എന്നറിയപ്പെടുന്നത്. വേനൽ മഴ ഇനിയും തുടർന്നാൽ ശുദ്ധ ജലക്ഷാമത്തിനു അൽപമെങ്കിലും പരിഹാരമാകുമെന്നാണ് ജനങ്ങൾ കരുതുന്നത്.
കൊടും ചൂടിലും പെയ്തൊഴിയുന്ന വേനൽ മഴ ഒരു ആശ്വാസം തന്നെയാണ്. കനത്ത ചൂടിൽ കേരളം ചുട്ടുപൊള്ളുമ്പോഴും കുളിർമ പടർത്താൻ ഇടക്കൊക്കെ വേനൽമഴ എത്താറുണ്ട്. ജലാശയങ്ങൾ വറ്റി വരണ്ടുകിടക്കുന്ന അവസ്ഥയിൽ വേനൽ മഴ ഒരു ആശ്വാസം തന്നെയാണ്.

You must be logged in to post a comment Login