കുഴിത്തുറ-നാഗർകോവിൽ : താമ്രപർണി നദിക്കു സമീപം സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി നദിയിൽ വീണ കോളജ് വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തും മുങ്ങി മരിച്ചു. ബിഎസ്‌സി ഡയാലിസിസ് ഒന്നാംവർഷ വിദ്യാര്‍ത്ഥികളായ കൊല്ലം തോട്ടയ്ക്കാട് എള്ളുവിള പുത്തൻവീട്ടിൽ അശോകൻെറ മകൻ അശ്വിൻ അശോക്(19), ആറ്റിങ്ങൽ എൽഎംഎസ് ചർച്ചിനു സമീപമുള്ള കൊച്ചുവീട്ടുവിള വീട്ടിൽ അജിയുടെ മകൻ അഭയ്(19) എന്നിവരാണ് മുങ്ങിമരിച്ചത്.
കോളേജിന് ഇന്നലെ അവധിയായതിനാൽ സുഹൃത്തുക്കളെയും കൂട്ടി ഇരുവരും പതിനൊന്നുമണിയോടെ താമ്രപർണി നദിയുടെ മടിച്ചൽ ഭാഗത്ത് കുളിക്കാൻ എത്തിയതായിരുന്നു. പുഴയുടെ സമീപത്തെ പാറയിൽനിന്ന് മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു തുടർന്ന് സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കവേ അഭയും വെള്ളത്തിലേക്ക് വീണു. ഇരുവർക്കും നീന്തലറിയില്ലായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ കരയിലെത്തിച്ച് കളിയിക്കാവിളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

You must be logged in to post a comment Login