ശബരിമല: മകര വിളക്ക് ദര്‍ശനത്തിന് ഒരുങ്ങി ശബരിമല. ഇന്ന് വൈകിട്ട് 6.45 ഓടുകൂടി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന ഇടങ്ങളിലെല്ലാം തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരിക്കുകയാണ്. ഇന്നലെ മുതല്‍ തുടങ്ങിയ ഭക്തജന പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഇന്ന് ഒരു മണിക്ക് അടക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. പന്തളംകൊട്ടാരത്തില്‍ നിന്നും തിങ്കളാഴ്ച പുറപ്പെട്ട തങ്ക-അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ ശരംകുത്തിയിലെത്തും. ക്ഷേത്ര സന്നിധിയില്‍ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ പേടകങ്ങള്‍ ഏറ്റുവാങ്ങും..വൈകിട്ട് 6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകര ജ്യോതി തെളിയിക്കും.
ഇന്ന് പുലര്‍ച്ചെ രണ്ട് ഒന്‍പതിനായിരുന്നു മകരസംക്രമ പൂജ. സംഗീത സംവിധായകന്‍ ഇളയരാജക്ക് ഹരിവരാസനം അവാര്‍ഡും ഇന്ന് സമ്മാനിക്കും. സന്നിധാനത്ത് വന്‍ സുരക്ഷാക്രമീകരണങ്ങള്‍ സഞ്ജമാക്കിയിരിക്കുകയാണ് പോലീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്ര മുറ്റത്തും പരിസര പ്രദേശങ്ങളിലും ദര്‍ശനത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. തിരുമുറ്റത്തേയ്ക്ക് സ്റ്റാഫ് ഗേറ്റ് വഴി മാത്രമായിരിക്കും പ്രവേശനം സാധ്യമാകുക.
മകരവിളക്ക് ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പോലീസും എന്‍.ഡി.ആര്‍.എഫും, ദ്രുതകര്‍മ്മ സേനയും ഒന്നിച്ചു കൈകോര്‍ക്കും. ഫയര്‍ഫോഴ്‌സ് സംഘവും ജാഗ്രതയോടെ രംഗത്തുണ്ട്.

You must be logged in to post a comment Login