ടിക്… ഒറ്റക്കുഞ്ഞുപോലും കേള്‍ക്കില്ല. ആ ചെറുശബ്ദത്തോടൊപ്പം ഏതു പൂട്ടിട്ട അലമാരയും തുറക്കും…..! ഇതാണ് കുപ്രസിദ്ധ കള്ളന്‍ ജോയി.
ഇടുക്കി, കോട്ടയം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ഈ പേരു പരന്നുകിടന്നിരുന്നു. ഒപ്പം പോലീസ് റെക്കോര്‍ഡുകളില്‍ വിരലടയാളവും.എത്രയോ അഴികള്‍ ജോയിക്കു പരിചിതം. ആയിരത്തോളം ഭവനഭേദനങ്ങള്‍… പള്ളികളുടെ മൈക്ക് സെറ്റ് മുതല്‍ എത്രയോ മോഷണങ്ങള്‍.താന്‍ നടത്തിയിട്ടുള്ള മോഷണങ്ങളുടെയും കേസുകളുടെയും എണ്ണം പോലും കൃത്യമായി ജോയിക്ക് അറിയില്ല. ആ തസ്‌കര ജീവിതം ഇപ്പോള്‍ പോലീസ് മാറ്റി എഴുതിയിരിക്കുകയാണ്.
കുമളി എസ്‌ഐ ആയിരിക്കുമ്പോള്‍ 2007ല്‍ റെജി കുന്നിപ്പറമ്പന്‍ മോഷണക്കേസില്‍ ജോയിയെ അകത്താക്കിയതാണ്. പിന്നീട് കട്ടപ്പന സിഐ ആയിരിക്കുമ്പോഴും പലവട്ടം ജോയിയെ പല കേസുകളില്‍ പൊക്കി. നെടുങ്കണ്ടത്തു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി 2016ല്‍ വരുമ്പോള്‍, ജോയിയെ റെജി അതുവരെ അറസ്റ്റ് ചെയ്തത് 48 തവണ.
ഇപ്പോള്‍ ഏകദേശം മൂന്നര വര്‍ഷം. ജോയിക്കു വയസ്സ് 54. 2014നു ശേഷം മോഷണക്കേസുകള്‍ ജോയിയുടെ പേരിലില്ല. രണ്ടു മാസം മുന്‍പായിരുന്നു മൂന്നാറിലേക്കു റെജിയുടെ സ്ഥലം മാറ്റം. ഫോണില്‍ ഒരു കോള്‍ വന്നു. സാറെ, സ്ഥലം മാറ്റമാണെന്ന് അറിഞ്ഞു, എനിക്കൊന്നു കാണണം.സാറിനോടു നന്ദി പറയണം… എന്നെ രക്ഷപ്പെടുത്തിയതിന്.ഒപ്പം ജോയി ഒന്നു കൂടി പറഞ്ഞു:’സാറെ, ബാങ്കില്‍ ഒരു ലക്ഷത്തോളം ഡിപ്പോസിറ്റുണ്ട്.
ആ ‘കള്ളക്കഥ’യിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം
നെടുങ്കണ്ടം മാര്‍ക്കറ്റില്‍ നിന്ന്, കറിക്കൂട്ടിന് ഉപയോഗിക്കുന്ന വഴനപ്പട്ട എട്ടു ചാക്ക് മോഷ്ടിച്ചു കട്ടപ്പനയില്‍ വിറ്റായിരുന്നു തുടക്കം. നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ ജോയി, പതിനൊന്നാം വയസ്സില്‍ പിതാവു മരിച്ചതിനു ശേഷം ചുടുകട്ടപ്പണിക്കു പോയിത്തുടങ്ങി. വീട്ടിലെ ഇളയവന്‍ ജോലിക്കു പോയതു കുടുംബം പോറ്റാനല്ല, ചീട്ടു കളിക്കാനും മറ്റും പണം കണ്ടെത്താന്‍! അങ്ങനെ, അവിടെ സംഘത്തില്‍നിന്നു കിട്ടിയ കൂട്ടാളിയുമായിട്ടായിരുന്നു ആദ്യ മോഷണം.
ആദ്യം ജയിലില്‍ പോകുന്നത് കുരുമുളകു മോഷണത്തിന്. പതിനഞ്ചു കിലോയോളം കുരുമുളകുമായി നാട്ടുകാര്‍ പിടിച്ചു. അങ്ങനെ, ജോയി ആദ്യമായി പതിനെട്ടാം വയസ്സില്‍ പീരുമേട് ജയിലില്‍ കയറി. ജയിലില്‍നിന്നു ലഭിച്ച സുഹൃത്തായ ‘ഗുരുനാഥന്‍’ എന്നു വിളിപ്പേരുള്ള മോഷ്ടാവുമായി പുറത്തിറങ്ങിയതിനു ശേഷമായിരുന്നു അടുത്ത മോഷണം. അങ്ങനെ ഗുരുനാഥന്‍ മോഷണത്തില്‍ ജോയിയുടെ ഗുരുനാഥനായി. ഇതോടെ വീട്ടുകാര്‍ കയ്യൊഴിഞ്ഞു.
നെടുങ്കണ്ടം, കട്ടപ്പന, പീരുമേട്, തൊടുപുഴ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിനു വീടുകളില്‍ ജോയി മോഷണം നടത്തി. മോഷണം കഴിഞ്ഞാല്‍ നേരെ കമ്പം തേനിയിലേക്കാണ്. അവിടെ ലോഡ്ജില്‍ സ്ഥിരം മുറി. മോഷണവസ്തുക്കള്‍ വില്‍ക്കാന്‍ കമ്പത്തും ചിന്നമന്നൂറിലും സ്ഥിരം സങ്കേതങ്ങള്‍. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനും ജ്വല്ലറികള്‍. വിലയിലും മറ്റുമൊന്നും ജോയി വലിയ കടുംപിടിത്തം പിടിച്ചില്ല.
അങ്ങനെയിരിക്കെ, നെടുങ്കണ്ടത്തേക്കു സ്ഥലം മാറിയെത്തിയ ഉടനെ 2016 ഓഗസ്റ്റിലായിരുന്നു റെജിയുടെ അടുത്തേക്കു ജോയിയുടെ വരവ്. നെടുങ്കണ്ടം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസിലേക്കു വന്ന ജോയിയെക്കണ്ടു ഞെട്ടിയത് റെജിയാണ്. സ്ഥിരം തലവേദനയായ, കുറെ വട്ടംകറക്കി, അവസാനം കയ്യിലാകുന്ന കള്ളനാണ് ഇപ്പോള്‍ നേരെ മുന്നില്‍ നില്‍ക്കുന്നത്.
ജോയി, റെജി കുന്നിപ്പറമ്പന്റെ കാലില്‍ വീണു: ‘സാര്‍, സഹായിക്കണം. ഒരു ജോലി വേണം’. മോഷണത്തിനു ശിക്ഷ കഴിഞ്ഞുള്ള വരവായിരുന്നു അത്.’സാര്‍ കൈവിട്ടാല്‍ ഞാന്‍ വീണ്ടും കള്ളനാകും.’ ‘സാറെ, ഞാനെല്ലാം നിര്‍ത്തുകയാണ്. കല്യാണം കഴിച്ചിട്ടില്ല. പ്രായമായ പെങ്ങളുണ്ട്. അവര്‍ക്കു ഞാന്‍ സഹായം വേണം. കാന്‍സറാണ്. ഇനിയെങ്കിലും അവരെ സഹായിക്കണം. ഇനിയുള്ള കാലം ജോലി ചെയ്തു ജീവിക്കണമെന്നാണ് ആഗ്രഹം. കള്ളനായതു കൊണ്ട് ആരും ജോലി തരില്ല. സാര്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്യണം.
കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കല്‍ മാത്രമല്ല പൊലീസിന്റെ കര്‍ത്തവ്യം; വ്യതിചലിച്ചവരെ മുഖ്യധാരയിലേക്കു കൊണ്ടുവരിക കൂടിയാണ്. സിഐയുടെ മനസ്സില്‍ തെളിഞ്ഞ ഏക വഴി പൊലീസ് സ്റ്റേഷന്‍ തന്നെയായിരുന്നു. നെടുങ്കണ്ടം പൊലീസ് കന്റീനില്‍ ജോലി നല്‍കിയാലോ എന്നു ചോദിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ എതിര്‍ത്തു. ‘നമുക്കു പരീക്ഷിക്കാം’ ഒരവസരം നല്‍കാമെന്ന നിലപാടില്‍ റെജിയും ഉറച്ചുനിന്നു.ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.

You must be logged in to post a comment Login