തൃശൂർ: ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കാനും, കൃത്യമായ വിതരണം നടത്താനും ആളില്ലാതെ സപ്ലൈകോ. സിവിൽ സപ്ലൈ കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിൽ ഔദ്യോഗിക റാങ്ക് പട്ടിക വന്നിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും നിയമനം ആയിട്ടില്ല. 2251 അംഗീകൃത എ.എസ്.എം തസ്തികകൾ നിലവിലുള്ളിടത്ത് 1600 ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോഴും ജോലിയിൽ തുടർന്നു വരുന്നത്.
റാങ്ക് പട്ടിക വന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും നിയമനമാകാത്തതിനാൽ പായ്ക്കിങ്ങ് സ്റ്റാഫ്, ഡിസ്പ്ലേ സ്റ്റാഫ് എന്നീ പേരുകളിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ച് അവരെ കൊണ്ടാണ് അസിസ്റ്റന്റ് സെയിൽസ്മാൻമാരുടെ ജോലി ചെയ്യിക്കുന്നത്. സാമ്പത്തിക ലാഭം മുൻനിർത്തിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സപ്ലൈകോ ന്യായീകരിക്കുന്നുണ്ടെങ്കിലും സമ്പൂർണ്ണ ലോക് ഡൗൺ തുടരുന്ന ഈ സാഹചര്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കലും അതിന്റെ വിതരണവും മന്ദ ഗതിയിലാണ്.
നിലവിൽ ആയിരത്തി അറന്നൂറോളം സപ്ലൈകോ ഔട്ട്‌ലെറ്റുകൾക്കായി മൂവായിരത്തിലധികം എ.എസ്.എം തസ്തികകൾ വേണ്ട സ്ഥാനത്താണ് 2251 തസ്തികകളായി നിജപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ മൂന്ന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഔട്ട്‌ലെറ്റുകളിലെ താൽക്കാലിക ജീവനക്കാരെ അഞ്ഞൂറ് രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് 16,500 രൂപ അടിസ്ഥാന ശമ്പളം ഉള്ള എ.എസ് എമ്മിന് ഏതാണ്ട് തുല്യമായി വരുന്ന തുകയാണ് എന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

You must be logged in to post a comment Login