ഇത് തൈമാസം! പഴനി യാത്രികര്‍ ശ്രദ്ധിക്കൂ!

0
591

തമിഴ് പഞ്ചാംഗത്തില്‍ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തില്‍ മകരമാസത്തില്‍) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 8 നാണ് തൈപ്പൂയം, പരമശിവ പുത്രനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച് വിജയം കൈവരിച്ച ദിവസമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നും കരുതുന്നു.(സുബ്രഹ്മണ്യന്റെ വിവാഹ സുദിനമാണ് തൈപ്പൂയ്യമെന്നും പിറന്നാള്‍ തൃക്കാര്‍ത്തികയാണെന്നും വിശ്വാസമുണ്ട്)

സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ പഴനിയിലുള്ള പഴനി മുരുകന്‍ ക്ഷേത്രം. ദണ്ഡും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ശ്രീ മുരുകന്റെ പ്രതിഷ്ഠയായതിനാല്‍ ‘ദണ്ഡായുധപാണിക്ഷേത്രം’ എന്ന് അറിയപ്പെടുന്നു. ‘പഴനി ആണ്ടവന്‍’ എന്ന പേരില്‍ ഇവിടുത്തെ പ്രതിഷ്ഠ തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ പ്രസിദ്ധമാണ്. അറിവിന്റെ പഴമെന്ന അര്‍ഥമുള്ള ‘ജ്ഞാനപ്പഴമെന്ന’ വാക്കില്‍ നിന്നാണ് ‘പഴനി’ (പഴം നീ) എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു സുബ്രമണ്യനെയാണ് ജ്ഞാനപ്പഴമായി കണക്കാക്കുന്നത്.

കേരളത്തില്‍ നിന്നും വര്‍ഷംതോറും ആയിരക്കണക്കിന് ഭക്തരാണ് പഴനിയിലേക്ക് തീര്‍ത്ഥയാത്രയും വിനോദയാത്രയും പോകുന്നത്. പാലക്കാട് നിന്നും പൊള്ളാച്ചി വഴിയും എറണാകുളത്ത് നിന്ന് ചാലക്കുടി-വാല്‍പ്പാറ അല്ലെങ്കില്‍ മൂന്നാര്‍ വഴിയും കോട്ടയത്ത് നിന്നും കുമളി- കമ്പം-തേനി-ഡിണ്ടിഗല്‍ വഴിയും പഴനിയില്‍ എത്തിച്ചേരാം

 

‘കാവടി’ എടുക്കുന്നതും തല മുണ്ഡനം ചെയ്യുന്നതും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. പഞ്ചാമൃതവും, വിഭൂതിയുമാണ് (ഭസ്മം) ഇവിടുത്തെ പ്രസാദം. ഉത്സവ കാലമായ തൈമാസത്തില്‍ ധാരാളം ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. തൈ മാസത്തിലെ പൗര്‍ണമി ദിവസമായ ‘തൈപ്പൂയമാണ്’ പ്രധാന ഉത്സവം. അന്നേ ദിവസം ഭക്തരുടെ കാവടിയാട്ടവും ഭഗവാന്റെ തങ്കരഥത്തിലുള്ള എഴുന്നള്ളത്തും നടക്കും. നവപാഷാണരൂപിയായ പഴനി മുരുകനെ ദര്‍ശിക്കുന്നത് സകല ദുരിതങ്ങളും ശമിപ്പിക്കും എന്നാണ് കേരളീയരുടെയും വിശ്വാസം.

മലമുകളില്‍ എല്ലാം ഭംഗിയാണെങ്കിലും അടിവാരത്ത് കച്ചവടക്കാരുടെയും വിവിധ ബിസിനസ് ഏജന്റുമാരുടെയും ബഹളമാണ്.. മലയാളികള്‍ ധാരാളമായി സാമ്പത്തികമായി കബളിപ്പിക്കപ്പെടാറുമുണ്ട്, ഇത് സംഭവിക്കാതിരിക്കാന്‍ യാത്രികര്‍ വളരെയേറെ ശ്രദ്ധിക്കണം. മുറി ബുക്ക് ചെയ്ത് തരാമെന്ന് പറഞ്ഞ് ആളുകള്‍ പിന്നാലെ കൂടും. അവരെ സൗമ്യമായി വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കണം. അടിവാരത്ത് മെയിന്‍ റോഡില്‍ തന്നെ ദേവസ്വത്തിന്റെ കോട്ടേജുകള്‍ മിതമായ നിരക്കില്‍ ലഭിക്കും കഴിയുമെങ്കില്‍ ഓണ്‍ലൈന്‍ വഴി ഒരു മാസം മുന്‍പേ ബുക്ക് ചെയ്യണം. ചെരിപ്പ് സൂക്ഷിക്കാം എന്ന് പറഞ്ഞ് ആളുകള്‍ സമീപിക്കും സ്‌നേഹപൂര്‍വ്വം നിഷേധിക്കണം. പടിക്കെട്ട് ആരംഭിക്കുന്നതിന് സമീപം തന്നെ ചെരിപ്പ് സൗജന്യമായി സൂക്ഷിക്കുന്ന ഇടമുണ്ട്. ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തി തരാമെന്നും പഞ്ചാമൃതം നല്‍കാമെന്നും പറഞ്ഞ് വരുന്നവരെയും നമ്മള്‍ ആവശ്യപ്പെടാതെ തന്നെ നമ്മുടെ നെറ്റിയില്‍ ചന്ദനം തൊടീക്കാന്‍ വരുന്നവരെയും താല്‍പര്യമില്ലെങ്കില്‍ സ്‌നേഹപൂര്‍വ്വം നിരസിക്കണം. കാരണം എല്ലാത്തിനും പൈസ നല്‍കേണ്ടിവരും പഞ്ചാമൃതം വ്യാജമായി തയ്യാറാക്കി വില്‍ക്കുന്നവരും ധാരാളമാണ്. മല മുകളില്‍ നിന്നും മാത്രം പഞ്ചാമൃതം വാങ്ങുക.

മലയുടെ താഴെ ശ്രീ മുരുകന്റെ അറുപടൈവീട് എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങളില്‍ ഒന്നായ തിരുആവിനാന്‍കുടി സ്ഥിതി ചെയ്യുന്നു. പരബ്രഹ്മസ്വരൂപനായ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളുള്ള ഷണ്മുഖന്‍ എന്ന പ്രതിഷ്ഠയാണിവിടെ. നവപാഷാണങ്ങള്‍ എന്ന ഒന്‍പതു സിദ്ധ ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പ്രത്യേക ഔഷധക്കൂട്ട് ഉപയോഗിച്ചാണ് പഴനി മുരുകന്റെ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത് അതിനാല്‍ ഈ പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുന്ന പഞ്ചാമൃതം, ഭസ്മം എന്നിവ സര്‍വരോഗ ശമനിയായി ഭക്തര്‍ കരുതുന്നു. ഭഗവാനെ രാജകീയ രൂപത്തില്‍ അണിയിച്ചൊരുക്കുന്ന വൈകുന്നേരത്തെ ‘രാജാലങ്കാര പൂജ’ തൊഴുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം. എല്ലാ ദിവസവും വൈകുന്നേരം സ്വര്‍ണ രഥത്തില്‍ ഭഗവാനെ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. ക്ഷേത്രത്തിന് ചുറ്റും നടക്കുന്ന രഥത്തില്‍ എഴുന്നള്ളത്തില്‍ ഭക്തര്‍ക്കും രഥം വലിക്കാനുള്ള അവസരം ലഭിക്കും.