പാലാ കടനാട് – കാവുങ്കണ്ടം പാറമട ലോബികൾ വേനലിന്റെ മറവിൽ 30 ഏക്കറോളം സ്ഥലത്തിന് തീയിട്ടതായുള്ള പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ
എം എൽ എ മാണി സി കാപ്പൻ നിർദ്ദേശം നൽകി. മനുഷ്യത്തരഹിതമായ ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലന്നും സാമൂഹ്യവിരുദ്ധരെ കർശനമായി നേരിടുമെന്നും എം എൽ എ വ്യക്തമാക്കി.
കടനാട് – കാവുങ്കണ്ടം പ്രദേശത്തു സജീവമായിട്ടുള്ള പാറമട ലോബികൾ തുച്ഛമായ വിലക്ക് സ്ഥലം വാങ്ങി ആളുകളെ ഒഴിപ്പിക്കുന്നത് ഇവിടെ പതിവാണ് . ഇതിനു തയാറാകാത്തവരെ ഒഴിപ്പിക്കുന്നതിനായി കൃഷി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകണം തീ ഇട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചു ദിവസങ്ങളായി 30 ഓളം ഏക്കർ സ്ഥലമാണ് ഇതുവരെ അഗ്നിക്കിരയായത്. പാറമട ലോബിയുടെ മനുഷ്യത്തരഹിതമായ ഈ പ്രവർത്തി ട്രൂ ടി വിയാണ് പുറം ലോകത്തെയറിയിച്ചത്. തുടർന്ന് ഇന്ന് ഉച്ചയോടെ എം എൽ എ മാണി സി കാപ്പന്റെ നേതൃത്തത്തിൽ ഉള്ള സംഘം കടനാട്, എരുമാപ്രാ, മൂന്നിലവ്, നീലൂർ തുടങ്ങി തീപിടുത്തമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കുകയും ഇതിനെതിരെ വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകുകയും ചെയ്തു .
പുരയിടങ്ങൾക്കു തീയിട്ടത് അന്വേഷിക്കാനെത്തിയ എം എൽ എയോട്, പ്രദേശത്ത് പാറപൊട്ടിക്കാൻ കരാറെടുത്തവർ തീയിട്ടതാണെന്നു പ്രദേശവാസികൾ പറഞ്ഞു. തീ ഉയരുന്നത് കണ്ട് നോക്കിയപ്പോൾ ചിലർ ഓടിപ്പോകുന്നത് കണ്ടതായും ഇവർ പറയുന്നു.
തങ്ങളെ സ്ഥലത്തു നിന്നും ഒഴിവാക്കാനും സ്ഥലം സ്വന്തമാക്കാനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഈ തീയിടൽ എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. തീ പടരുന്ന വിവരം അറിയിച്ചതിനെ തുടർന്ന് വന്ന ഫയർ എഞ്ചിനു കടന്നു പോകേണ്ട പൊതുവഴി ഗേറ്റ് വച്ചു അടച്ചു പൂട്ടിയിരുന്നതിനാലാണ് തീ ഇത്രയും പടർന്നതെന്നു നാട്ടുകാർ പറഞ്ഞു . പ്രദേശവാസികളുടെ കൃഷിയിടങ്ങൾ ഉൾപ്പടെ ഒട്ടേറെ സ്ഥലം കത്തി നശിച്ചു.
കർഷകർക്ക് നഷ്ടപരിഹാരം കിട്ടാൻ വകുപ്പുണ്ടോയെന്നു പരിശോധിക്കുമെന്നും ഇതിനു വേണ്ട അപേക്ഷകൾ കൃഷി, വില്ലേജ് ഓഫീസുകളിൽ നൽകണമെന്നും മാണി സി കാപ്പൻ കൃഷി നഷ്ടം സംഭവിച്ച പ്രദേശവാസികളോട് ആവശ്യപ്പെട്ടു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടം, ഷാർളി മാത്യു, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവരും മാണി സി കാപ്പനൊപ്പം ഉണ്ടായിരുന്നു. തീയിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറ്റം ചെയ്തവരെ വെറുതെ വിടില്ലന്നും എം.എൽ.എ മാണി സി കാപ്പൻ ട്രൂ ടി വിയെ അറിയിച്ചു .

You must be logged in to post a comment Login