കോവിഡ് 19 സ്ഥിരീകരിച്ച, റാന്നിയിലെ കുടുംബത്തെ പരിചരിച്ച നഴ്സും മകളും ഐസൊലേഷൻ വാർഡിൽ !

0
134

 

റാന്നിയിൽ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തെ തുടക്കത്തിൽ പരിചരിച്ചിരുന്ന നഴ്സും മകളും ഐസൊലേഷൻ വാർഡിൽ. റാന്നിയിലെ കുടുംബം ആദ്യം ചികിത്സ തേടിയ സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയുമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

പരിശോധനക്ക് ശേഷം അമ്മയുടെയും മകളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എന്നാൽ അതേസമയം 20 ദിവസം മുമ്പ് ഇറ്റലിയിൽ നിന്ന് എത്തിയ റാന്നിയിലെ മറ്റൊരു കുടുംബത്തിൽ നിന്നുള്ള യുവതിയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർക്ക് രോഗം സ്ഥിരീകരിച്ച കുടുംബവുമായി യാതൊരു ബന്ധവുമില്ല. രണ്ട് കൊവിഡ് 19 കേസുകളാണ് കണ്ണൂരും തൃശൂരുമായി ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. . ദുബായില്‍ നിന്നും കണ്ണൂരില്‍ വന്ന ഒരാള്‍ക്കും ഖത്തറില്‍ നിന്നും വന്ന തൃശ്ശൂര്‍ സ്വദേശിക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
രോഗം സംശയിക്കുന്ന 65 പേരെയാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 900 പേരെ പുതിയതായി നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംസ്ഥാനത്ത് ഇതോടെ 4,180 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3,910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലാണുള്ളത്.