പത്ത് ദിവസം കോവിഡ് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്ത ആദ്യ ശമ്പളവുമായി മടങ്ങിയ നഴ്സ് ബൈക്കിൽ ലോറിയിടിച്ച് മരിച്ചു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നേഴ്സായി (NHM) സേവനം അനുഷ്ഠിച്ച് വന്നിരുന്ന ചാവക്കാട് സ്വദേശിയായ ആഷിഫാണ് (23) ഇന്ന് തൃശൂർ വെളപ്പായ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടത്.
കോവിഡ് -19 ന്റെ ഭാഗമായി കുന്നംകുളം താലൂക്കാശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ IP, OP കൈകാര്യം ചെയ്യുന്നതിലും, ഹെൽപ്പ് ഡെസ്കിൽ രോഗികളെ സ്ക്രീനിങ്ങ് ചെയ്യുന്നതിലും, ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് ഉണ്ടായ സാഹചര്യത്തിൽ രോഗിയെ പരിചരിക്കുന്നതിലും, അതിനു ശേഷം ഐസൊലേഷൻ വാർഡ്,
ആംബുലൻസ് എന്നിവ അണുവിമുക്തമാക്കുന്നതിലുമെല്ലാം ആത്മധൈര്യത്തോടെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച മിടുക്കനായ ആരോഗ്യ പ്രവർത്തകനായിരുന്നു ആഷിഫ്.
താൻ സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ ഉമ്മയുടെ കയ്യിൽ ആദ്യ ശമ്പളം വച്ചുകൊടുക്കാനുള്ള ജിജ്ഞാസയുണ്ടായിരുന്നു.പക്ഷെ ഉമ്മയുടെ വിളിപ്പാടകലെ എഫ്സിഐ ഗോഡൗണിൽ നിന്ന് അരി കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ച് ആഷിഫിനു മരണം സംഭവിച്ചു. 12.30 ന് വെളപ്പായ കയറ്റത്തിലായിരുന്നു അപകടം.550 രൂപ ദിവസക്കൂലിക്ക് കോവിഡ് മഹാമാരിക്കെതിരെ യുദ്ധത്തിനിറങ്ങിയ അവന്റെ മനസ്സിൽ കുന്നോളം സ്വപ്നങ്ങളുണ്ടായിരുന്നു. തന്റെ കുടുംബത്തിന്റെ സന്തോഷകരമായ ജീവിതമെന്ന പ്രതീക്ഷയാണ് പൊലിഞ്ഞ് പോയത്

You must be logged in to post a comment Login