പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാന്‍ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി !
ആദ്യമായി നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. നോർക്കയുടെ പദ്ധതിയുടെ ഇടപെടലിനെത്തുടർന്നാണ് ബിജുവിന് മോചനം ലഭിച്ച് നാട്ടിലെത്താൻ കഴിഞ്ഞത് .
ഒമാനിൽ ജോലി ചെയ്തിരുന്ന ബിജു സുന്ദരേശൻ പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. ലേബർ കേസുകളാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എത്തിച്ചത്. സൗജന്യ നിയമസഹായ പദ്ധതിയുടെ ഭാഗമായി നോർക്കയുടെയും നോർക്കയുടെ ഒമാനിലെ ലീഗൽ കൺസൾട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകളിലൂടെ കേസുകൾ പിൻവലിപ്പിക്കപ്പെട്ടു. ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.
പ്രവാസി നിയമസഹായ സെൽ പദ്ധതിയിൻ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ വർഷം നവംബറിലാണ് പദ്ധതി ആരംഭിച്ചത്. പ്രവാസി നിയമ സഹായത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്‍റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ, [email protected], [email protected] എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. അപേക്ഷാഫോറം നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. വിശദവിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

You must be logged in to post a comment Login