നിർഭയ പ്രതികള്‍ക്ക് പുതിയ മരണവാറന്റ് . കേസിലെ നാലു കുറ്റവാളികളെയും മാർച്ച് മൂന്നിനു രാവിലെ ആറിനു തൂക്കിലേറ്റണം . ഉത്തരവ് പുറത്തിറക്കിയത് ഡൽഹി പട്യാല ഹൗസ് കോടതിയാണ് . രാഷ്ട്രപതി പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ വീണ്ടും ഹർജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തിരസ്കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.
പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, മുകേഷ് സിങ് എന്നിവരുടെ ദയാഹർജികളാണു രാഷ്ട്രപതി പലപ്പോഴായി തള്ളിയത്. നാലാമത്തെ പ്രതിയായ പവൻ ഗുപ്ത ഇനിയും ദയാഹർജി നൽകിയിട്ടില്ല. 6 മാസത്തിനുള്ളിൽ ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലിൽ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
സുപ്രീം കോടതി നിർദേശങ്ങൾ പുറത്തിറക്കിയത് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് . ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീൽ 6 മാസത്തിനുള്ളിൽ, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ അപ്പീൽ നൽകിയാലുടൻ ലഭ്യമാക്കാനുള്ള നിർദേശം റജിസ്ട്രാർ കീഴ്ക്കോടതികൾക്കു നൽകണം.
2012 ഡിസംബര്‍ 16നാണ് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിഞ്ഞത്. ചികില്‍സയ്ക്കിടെ ഗുരുതരമായി പരുക്കേറ്റ യുവതി സിംഗപ്പുരിലെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

You must be logged in to post a comment Login