ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ മാസം 25 മുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയത്. എന്നാല്‍, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ മരുന്നിന്റെ ആവശ്യക്കാരായിരിക്കുകയാണ്. ട്രംപിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോയുടെ കത്തും എത്തി.
എല്ലാ രാജ്യക്കാരും മരുന്നുകള്‍ പരസ്പരം പങ്കുവെച്ച് വൈറസിനെതിരേ പ്രതിരോധം തീര്‍ക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. അതുകൊണ്ട് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജെയര്‍ കത്തില്‍ ആവശ്യപ്പെട്ടു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചതിന് പിന്നാലെ മരുന്ന് കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു.
കോവിഡ് 19 ചികിത്സയ്ക്കായി ഇന്ന് പ്രധാനമായും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ഇന്ത്യയാണ് ഇത് ഏറ്റവും കൂടുതല്‍ നിര്‍മിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇതിനകം 20 രാജ്യങ്ങളാണ് മരുന്നിന്റെ ആവശ്യക്കാരായി എത്തിയത്. മുന്‍കൂര്‍ ഓര്‍ഡര്‍ നല്‍കിയ രാജ്യങ്ങള്‍ക്ക് മരുന്ന് കയറ്റി അയക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login