സംസ്ഥാനത്തെ നിരവധി വിവാഹങ്ങള്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നാം കണ്ടുകഴിഞ്ഞു.
എന്നാല്‍, നാളും മുഹൂര്‍ത്തവും തെറ്റിക്കാതെ കോവിഡ് കാലത്ത് ഇരു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ശ്രീജിത്തും അഞ്ജനയും ഒന്നാകും. മുന്‍ നിശ്ചയിച്ചപോലെ അവര്‍ 26 നു വിവാഹിതരാവും. അതും ഓണ്‍ലൈനിലൂടെ.
ഈ സമയം, അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിയന്ത്രിതമായി ഇരുഭാഗത്തും ഉണ്ടാകും. വിവാഹത്തിനു മുന്നോടിയായുള്ള പൊന്നുരുക്കു ചടങ്ങ് അടുത്തയാഴ്ച നടക്കും.
ഏറെ വിവാഹ മുഹൂര്‍ത്തങ്ങളുള്ള മാസങ്ങളാണ് ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നത്.
ഇസാഫ് ബാങ്ക് ജീവനക്കാരനായ ചങ്ങനാശേരി പുഴവാത് കാര്‍ത്തികയില്‍ എന്‍. ശ്രീജിത്താണു വരന്‍. ഹരിപ്പാട് പള്ളിപ്പാട് കൊടുന്താറ്റ് പി.അഞ്ജന വധു. ഐടി ജീവനക്കാരിയായ അഞ്ജനയും അമ്മയും സഹോദരനും ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണു താമസം. അച്ഛന്‍ നാട്ടിലുണ്ട്. 18നു നാട്ടിലേക്കു വരാന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് ലോക്ഡൗണായത്.
വരന്‍ ഓണ്‍ലൈനില്‍ വധുവുമായി സംസാരിക്കാനും വിവാഹസമ്മതം പരസ്പരം അറിയിച്ച് ചടങ്ങു പൂര്‍ത്തിയാക്കാനുമാണു തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവു വന്നാലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശമുണ്ട്. വിവാഹ ദിവസം വരനും ഏറ്റവും അടുത്ത ബന്ധുക്കളും ഹരിപ്പാട്ടെ വധുവിന്റെ വീട്ടിലെത്തും.

You must be logged in to post a comment Login