ലോക് ഡൗണിൽ ഞെരുങ്ങി, സഹായം ആവശ്യപ്പെട്ട് വ്യവസായ മേഖല

0
109

 

ലോക്ഡൗൺ തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും ആവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ ഒഴിച്ചാൽ, മറ്റു വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങളും അടഞ്ഞ് തന്നെയാണ് കിടക്കുന്നത്. സ്പെയർപാർട്സ്, മൊബൈൽ കട, റീചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ സർക്കാർ അനുമതി തന്നിട്ടുണ്ടെങ്കിൽ  കൂടിയും എന്ന് മുതല്‍ എന്നുള്ളത് പിന്നീട് അറിയിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ വ്യവസായ മേഖല സ്തംഭിച്ചു നിൽക്കുന്ന സാഹചര്യത്തില്‍  ഇളവ് നൽകണമെന്ന് വ്യാപാരി വ്യവസായികൾ ആവശ്യപ്പെടുന്നു.

ലോക് ഡൗണിനെ തുടർന്ന് വില്പന താൽക്കാലികമായി നിർത്തിവെച്ച സ്ഥിതിക്ക് വ്യവസായവും ജീവിതവും ഒരുപോലെ തന്നെ ഇവർക്ക് പ്രയാസം നിറഞ്ഞിരിക്കുന്നത്. ബാങ്ക് വായ്പയുടെ പലിശ, വൈദ്യുതി ബിൽ, കടമുറി വാടക തുടങ്ങി ധാരാളം ചിലവുകളുടെ നീണ്ട നിരതന്നെയുണ്ട്. ചെലവിന് പണം ഇല്ലാതെ ഈ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാൻ ഇളവ് വേണമെന്ന് ആവശ്യപ്പെടുകയാണ് വ്യവസായ വിഭാഗം. സമ്പൂർണ്ണ ലോക് ഡൗൺ മൂലം ചെലവ് നടത്താൻ ദുസഹപ്പെടുന്ന ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സർക്കാരും ബാങ്കുകളും സഹായിക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും നിവേദനം നൽകിയിരിക്കുകയാണ് ചെറുകിട വ്യവസായ അസോസിയേഷൻ.

നിവേദനത്തിൽ പരാമർശിക്കുന്ന ആവശ്യങ്ങളിൽ ചിലത് ഇവയൊക്കെയാണ്

* പ്രവർത്തന മൂലധനം ലഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പുതിയ ഈട് ഇല്ലാതെ ബാങ്ക് വായ്പ അനുവദിക്കുക.

*വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ് ഒഴിവാക്കുക.

*മാർച്ചിലെ വൈദ്യുതി ബിൽ തുക തവണകളായി അടക്കാൻ അനുവദിക്കുക.

*മൊറട്ടോറിയം 12 മാസത്തേക്ക് നീട്ടുക. ആ കാലയളവിലെ പലിശയ്ക്ക് പൂർണമായ ഇളവ് നൽകുക. അല്ലെങ്കിൽ പലിശ ബാധ്യത സർക്കാർ ഏറ്റെടുക്കുക.

*സംസ്ഥാന ജി എസ് ടി യുടെ റീഫണ്ട് ലഭിക്കാനുള്ളത് ഉടൻ അനുവദിക്കുക.

* വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്കുള്ള  പലതരം ലൈസൻസ് പുതുക്കാനുള്ള തീയതി നീട്ടുക. പിഴ ഒഴിവാക്കുക.

* ഇൻസ്പെക്ടർ പരിശോധനകൾ തൽക്കാലം നിർത്തി വെക്കുക.

* നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പ് ബോധവൽക്കരിക്കുക.

അതിഥി തൊഴിലാളികളെ ചേർത്തുനിർത്തുന്ന സർക്കാർ നാട്ടുകാരായ തൊഴിലാളികളെയും പരിഗണിക്കുമെന്നും, മേൽപ്പറഞ്ഞ ആവശ്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.