നേപ്പാളിൽ കുട്ടികൾ അടക്കം എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു.
കാഠ്മണ്ഡു : നേപ്പാളിൽ വിനോദ സഞ്ചാരത്തിനായി എത്തിയ കുട്ടികൾ അടക്കം എട്ടു മലയാളികൾ ശ്വാസം മുട്ടി മരിച്ചു. ദമനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്ന ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രവീൺകുമാർ (39), ശരണ്യ (34), രഞ്ചിത്ത് കുമാർ ടി.ബി (39), ഇന്ദു രഞ്ജിത്ത് (34), ശ്രീ ഭദ്ര (9), അഭിനവ് സൂര്യ (9), അഭിനായർ (7), വൈഷണവ് രജ്ജിത് (2) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ 15 പേരടങ്ങിയ സംഘം ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിൽ മുറിയെടുക്കുകയായിരുന്നു. മരിച്ചവരിൽ രണ്ടു ദമ്പതിമാരും കുട്ടികളും ഉൾപ്പെടുന്നു. മുറിയിലെ തണുപ്പകറ്റാൻ ഇവർ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിലെ വിഷവാതകം ശ്വസിച്ചാവാം മരണം സംഭവിച്ചതെന്ന് കരുതുന്നു. മുറിയിലെ ജനലുകളും വാതിലുകളും എല്ലാം അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ഇവരുടെ സംഘത്തിലുള്ളവർ പിറ്റേ ദിവസം ഇവരെ അന്വേഷിച്ച് മുറിയിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത്. അബോധാവസ്ഥയിൽ ആയ ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഇപ്പോൾ എച്ച്.എ.എം.എസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരിൽ കോഴിക്കോട് സ്വദേശികളായ രജ്ജിത്തിന്റെയും ഭാര്യ ഇന്ദുലക്ഷ്മിയുടെയും ഇവരുടെ 2 വയസ്സുള്ള മകൻ വൈഷണവിന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ സാംബശിവ അറിയിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ഡി.ജി.പി ലോകനാഥ് ബെഹ്റ നേപ്പാൾ പോലീസുമായി ബന്ധപ്പെട്ടിരുന്നു.നടപടികൾ വേഗത്തിൽ പൂർത്തിയാകും എന്ന് അവർ അറിയിച്ചതായി ഡി.ജി.പി പറഞ്ഞു.

You must be logged in to post a comment Login