കാറിലെത്തിയ സംഘം ലോട്ടറിയും പണവും കവർന്നു , ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങി മരിച്ചു

0
209

വാനിലെത്തിയ സംഘം ലോട്ടറിയും 850 രൂപയും കവർന്നതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന ലോട്ടറി വില്‍പനക്കാരന്‍ തൂങ്ങി മരിച്ചു. കൂത്തുപറമ്പിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ആമ്പിലാട്ടെ മലർവാടിയിൽ യു.സതീശനാണ് (59) ഇന്നലെ പുലർച്ചെയോടെ കാനത്തും ചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26 -ആം തീയതി പുലർച്ചെ വാനിലെത്തിയ സംഘം തന്നെ ആക്രമിച്ച് ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്‌ടിച്ചതായി സതീശൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിനു ശേഷം സതീശൻ പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. 5 വർഷം മുൻപ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു ശരീരം തളർന്നതിനു ശേഷമാണു സതീശൻ ലോട്ടറി വിൽപന നടത്താൻ തുടങ്ങിയത്. അതുവരെ കാനത്തുംചിറയിലെ മരമില്ലിലായിരുന്നു ജോലി.
4 വർഷത്തോളമായി രാവിലെ മുച്ചക്ര സ്കൂട്ടറിൽ കൂത്തുപറമ്പിലെത്തി ലോട്ടറി ടിക്കറ്റ് വിൽപന നടത്തുകയായിരുന്നു. പുലർച്ചെയുള്ള യാത്രയ്ക്കിടെ എലിപ്പറ്റച്ചിറയിൽ വച്ചാണ് ആക്രമണമുണ്ടായതായാണു സതീശൻ പരാതിയിൽ പറയുന്നത്. ലോട്ടറി ടിക്കറ്റ് ആവശ്യപ്പെട്ടു തൊട്ടരികെ വാഹനം നിർത്തിയ സംഘം മുഖത്ത് മുളക് സ്പ്രേ അടിച്ച ശേഷം ബാഗ് തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. ബോധം നഷ്ടമായ സതീശനെ അതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിനു ശേഷം ഇന്നലെ പുലർച്ചെയാണ് സതീശൻ വീട്ടിൽ നിന്നു പുറത്തുപോകുന്നത്. മൃതദേഹം ഇന്നു രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പുഷ്പ. മക്കൾ: സിനോയ് ,സൗമ്യ