ന്യുഡല്‍ഹി: നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിക്കൊണ്ടായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക.
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണ് ഇത്തരമൊരു ധാരണയിലെത്തിയത്.
നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മധ്യപ്രദേശ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
പ്രധാനമന്ത്രിയും ഒട്ടുമിട്ട മുഖ്യമന്ത്രിമാരും മാസ്‌ക് ധരിച്ചാണ് ഇന്നത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള മൂന്നാമത്തെ കോണ്‍ഫറന്‍സാണ് ഇന്ന് നടന്നത്.
കാര്‍ഷിക മേഖലയില്‍ വിളവെടുപ്പിന് കര്‍ഷകര്‍ക്ക് ഇളവ് നല്‍കണമെന്നും കര്‍ഷകര്‍ക്ക് ദുരിതമുണ്ടാവരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി മാറ്റാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടും നിലവിലെ സാഹചര്യവും പരിഗണിച്ചാണ് കേരളം ഈ തീരുമാനം അറിയിച്ചത്.
സാമൂഹിക വ്യാപനത്തിലേക്ക് പോകുന്ന ഘട്ടത്തിലെത്താന്‍ കഴിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തിന് വ്യാപനം തടയാനും മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്നോ-രണ്ടോ ആഴ്ചകൂടി തുടര്‍ന്നാലെ രോഗവ്യാപനം പൂര്‍ണ്ണമായും തടയാന്‍ കഴിയൂവെന്നും കേരളം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ നീട്ടണമെന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നും രാജസ്ഥാന്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ ലോക് ഡൗണ്‍ വേണമെന്ന് ഡല്‍ഹിയും മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും ആവശ്യപ്പെട്ടപ്പോള്‍ നിയന്ത്രണങ്ങള്‍ തുടരണമെന്നും എന്നാല്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് പഞ്ചാബും ആവശ്യപ്പെട്ടു.
സംസ്ഥാന സാഹചര്യം നോക്കി ഇളവ് അനുവദിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം ഛത്തീസ്ഗഢ് മുന്നോട്ടുവച്ചു. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടാണ് മധ്യപ്രദേശ് സ്വീകരിച്ചത്. കോവിഡ് ബാധിച്ച നഗരങ്ങളില്‍ മാത്രം ലോക്ഡൗണ്‍ മതിയെതന്നാണ് മധ്യപ്രദേശിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ ഏതാവശ്യത്തിനും മുഴുവന്‍ സമയവും തന്നെ ലഭ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഏതു നിമിഷവും മന്ത്രിമാര്‍ക്ക് തന്നോട് സംസാരിക്കാമെന്നും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും മോഡി വ്യക്തമാക്കി. കോവിഡിനെതിരെ പോരാടാന്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണം.

You must be logged in to post a comment Login