ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഏറെക്കുറെ എല്ലാ മേഖലകളും നിലച്ചമട്ടാണ്. കടകള്‍ക്കെല്ലാം പൂട്ടുവീണു. ആളുകൂടരുത് എന്ന നിര്‍ദേശമുള്ളതിനാല്‍ ആഘോഷങ്ങളും നിലച്ചു.
ലോക്ക്ഡൗണിനിടെ എത്തുന്ന ഈസ്റ്ററും ഇക്കുറി പരുങ്ങലിലാകും. നോണ്‍ വെജിറ്റേറിയനില്ലാതെ എന്ത് ഈസ്റ്ററാഘോഷമെന്നു പറയുന്ന മലയാളിക്ക് ഇക്കുറി മീന്‍ വിഭവങ്ങള്‍ ഉണ്ടാകില്ല. ബീഫും ദുര്‍ലഭം. ഒരുപക്ഷേ ആദ്യത്തെ അനുഭവം.
ലോക്ക്ഡൗണ്‍ കാരണം മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോകാതായി. മറ്റു സംസ്ഥാനങ്ങളില്‍ മാസങ്ങളായി ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മീനിലായിരുന്നു കച്ചവടക്കാരുടെ കണ്ണ്. പഴയതായതിനാല്‍ കുറഞ്ഞ വിലയ്ക്കു കിട്ടും. ഇതു വിറ്റ് കൊള്ളലാഭം കൊയ്യാനിരുന്ന ലോബിക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡ് നടപടി കനത്ത തിരിച്ചടിയായി.
തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണു ചീഞ്ഞതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മീന്‍ ”ഫ്രഷ്” എന്ന വിശേഷണത്തോടെ എത്തുന്നത്. ചീഞ്ഞളിഞ്ഞ 65,000 കിലോ മത്സ്യം ഒരാഴ്ചയ്ക്കിടെ പിടികൂടിയതോടെ പാതയോരങ്ങളിലെ മത്സ്യത്തട്ടുകള്‍ കാലിയാണ്.
കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നു കന്നുകാലികള്‍ എത്തുന്നില്ല. ഇതോടെ ബീഫിനും കടുത്ത ക്ഷാമമായി. കശാപ്പുകാര്‍ നാട്ടുകാരില്‍നിന്നു കന്നുകാലികളെ വാങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിനു തികയുന്നില്ല. ഒപ്പം വില കൂടുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എം.പി.ഐ) പോത്തിറച്ചിയുടെ വില കുത്തനെ ഉയര്‍ത്തി. കിലോയ്ക്ക് 390 രൂപയാണു വില. കന്നുകാലി ഇറച്ചിക്ക് 360 രൂപ. ഇതിനിയും കൂടിയേക്കും.
ഈസ്റ്ററിനു സാധാരണ 15 ടണ്‍ ബീഫാണ് എം.പി.ഐ. വില്‍ക്കുന്നത്. തമിഴ്നാട്ടിലെ തേനിയില്‍ നിന്നു കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വണ്ടിക്കാര്‍ മടിക്കുകയാണ്.

You must be logged in to post a comment Login