ലോക്‌ഡൗൺ മേയ് 3 വരെ നീട്ടി. നാളെ മുതൽ ഒരാഴ്ച രാജ്യത്താകെ കർശന നിയന്ത്രണം .

0
107

 

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ നേരിടാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ മേയ് 3 വരെ നീട്ടിയതായി പ്രധാന മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് കർശനമായ നടപടികൾ ആവശ്യമാണ്. പ്രഥമദൗത്യം രാജ്യത്തെ രക്ഷിക്കുകയാണ് . നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്താകെ നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കും. എത്ര കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഏപ്രിൽ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും. ശേഷം കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉണ്ടാകാത്ത സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ ഇളവുകൾ അനുവദിക്കാൻ അനുമതി നൽകും. സ്ഥിതി മോശമാകുകയാണെങ്കിൽ വീണ്ടും കർശന നിയന്ത്രണം നടപ്പിലാക്കും .

കോവിഡിനെതിരായ രാജ്യത്ത് നടത്തിയ ഇതുവരെയുള്ള യുദ്ധം വിജയകരമാണ്. ലോക്‌ഡൗൺ പ്രഖ്യാപിച്ചത് 550 രോഗികൾ മാത്രമുള്ളപ്പോഴാണ് . രാജ്യത്തെ രക്ഷിച്ചത് ജനങ്ങളുടെ ത്യാഗമാണ്. യാത്രാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചു . ജനങ്ങളുടെ സഹകരണത്താൽ കോവിഡിനെ ഒരു പരിധിവരെ തടയാൻ രാജ്യത്തിനായി. ജനങ്ങൾക്ക് ബുദ്ധിമുട്ടികൾ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ എല്ലാം മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു.

പുതിയ സ്ഥലങ്ങളിലേക്ക് കോവിഡ് വ്യാപിക്കാതെ നോക്കേണ്ടതുണ്ട്. പുതിയ ഹോട്ട് സ്പോട്ടുകൾ ഇനി ഉണ്ടാക്കാതെ നോക്കണം. മറ്റു രാജ്യങ്ങൾ നേരിട്ട പ്രയാസങ്ങളും നടപടികളും നമ്മൾ നേരിൽ കണ്ടതാണ്. വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണ് ഇന്ത്യയുടെ നില . ഇളവുകളെക്കുറിച്ചുള്ള പുതിയ മാർഗരേഖ നാളെ പുറത്തിറക്കും. കാർഷിക മേഖലക്ക് ഇളവ് നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു .