ലൈഫ് മിഷൻ പദ്ധതിയിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ സംസ്ഥാനതല പ്രഖ്യാപനം ഈ മാസം 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിക്കും. സംസ്ഥാനതല പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിഹിതനായിരുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ലൈഫ് പദ്ധതിയിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ 37693 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. മുഴുവൻ പേരേയും സംഗമത്തിൽ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയായും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചെയർമാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ജനറൽ കൺവീനറായും ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് കൺവീനറായി ജനറൽ കമ്മിറ്റിയും ഒമ്പത് സബ് കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് 13ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മറ്റു തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും.
സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ഗുണഭോക്താക്കളുടെ കുടുംബസംഗമം വിപുലമായി നടത്തിയിരുന്നു. തിരുവനന്തപുരത്ത് 500 ഗുണഭോക്താക്കൾ വരെയുള്ള പഞ്ചായത്തുകളുണ്ട്. സംസ്ഥാനതല പരിപാടിയുടെ ഭാഗമായി കലാപരിപാടികളുമുണ്ടാവും.
അഞ്ച് വര്‍ഷത്തിനുളളിൽ കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവന രഹിതര്‍ക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പകത്തിക സേവനങ്ങൾ ഉൾപ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുക
സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കുന്നതിന്.മെച്ചപ്പെട്ട ഭവനത്തോടൊപ്പം തന്നെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുവാൻ ഉതകുന്ന സംവിധാനങ്ങൾ കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങൾക്കും സൗകര്യം, സ്വയം തൊഴിൽ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാർപ്പിട സൗകര്യം ലഭ്യമാക്കുക.

You must be logged in to post a comment Login