കേരളം കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൂർണമായി ലോക്ഡൗൺ ചെയ്യുന്നു. കൂടുതൽ മോശമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുന്നത് തടയാനാണ് ഈ തീരുമാനം. തീരുമാനം തിങ്കളാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിലാകും. മാർച്ച് 31വരെയാണ് ലോക്ഡൗൺ.
മരുന്നുകൾ ,അവശ്യസാധനങ്ങൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം നിർത്തി വെക്കും. റസ്റ്റോറന്റുകൾ അടയ്ക്കും എന്നാൽ ഹോം ഡെലിവറി സംവിധാനങ്ങൾ നിലവിൽ ഉണ്ടാകും. ആശുപത്രികൾ , പെട്രോൾ പമ്പ് എന്നിവ പ്രവർത്തിക്കും. നിയന്ത്രണങ്ങളോടെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മെഡിക്കൽ ഷോപ്പുകൾ എന്നിവ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം നിർബന്ധമായും പാലിക്കണം. കാസർകോട് കൂടുതൽ കർശന നടപടികൾ സ്വീകരിക്കും. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ഇറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ചുമത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട് – മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് 28 പേർക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് . കാസർകോട്–19, കണ്ണൂർ– 5, എറണാകുളം–2, പത്തനംതിട്ട , തൃശൂർ എന്നവിടങ്ങളിൽ 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇവരിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. ഇതുവരെ രോഗം ബാധിച്ചവർ 95 ആയി. സംസ്ഥാനത്താകെ 63,937 പേർ വീടുകളിലും 383 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട് . 122 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,291 സാംപിൾ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You must be logged in to post a comment Login