അവിനാശി ലോറി വോൾവോ ബസിൽ ഇടിച്ചുണ്ടായ അപകടത്തിന്റെ നടുക്കം മാറും മുന്നേ വീണ്ടും ബസ് അപകടം. അപകടത്തിൽ ഒരു മലയാളി യുവതി മരിച്ചു. ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആണ് മരിച്ചത്. 20 യാത്രക്കാർക്ക് പരിക്കേറ്റു ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. മൈസൂരു ഹുൻസൂരിൽ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. അമിത വേഗത്തിലായിരുന്ന ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിതവേഗതയാണ് അപകട കാരണം, യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ പറയുന്നത്.

You must be logged in to post a comment Login