വിഷരഹിത പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ ജീവനിയുടെ പരസ്യം അവതരിപ്പിക്കുവാൻ മോഹൻലാൽ. മലയാളികളോട് ലാലേട്ടൻ പറയുന്നു വിഷമില്ലാത്ത പച്ചക്കറികൾ ഉപയോഗിക്കൂ. 30 സെക്കന്റ് നീളുന്ന പരസ്യം ടിവിയിലും നവ മാധ്യമങ്ങളിലും, തീയേറ്ററുകളിലും പ്രദർശിപ്പിക്കും. പ്രതിഫലം ഒന്നും തന്നെ വാങ്ങാതെയാണ് പരസ്യ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. 2020 ജനുവരി മുതൽ 2021 ഏപ്രിൽ വരെയാണ് നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന പദ്ധതി സംഘടിപ്പിക്കുന്നത് എന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കേരളത്തിലെ ആവശ്യങ്ങൾക്കായി വാർഷിക നിരക്കിൽ ആവശ്യം വരുന്നത് 20 മെട്രിക് ടൺ പച്ചക്കറിയാണ്. എന്നാൽ പോയ വർഷം നമുക്ക് 12.12 മെട്രിക് ടൺ പച്ചക്കറികളേ ഉൽപാദിപ്പിക്കുവാൻ സാധിച്ചുള്ളു. കേരളത്തിൽ ഉപയോഗിക്കുന്നതിന്റെ 40% പച്ചക്കറികളും വിഷം അടങ്ങിയതാണെന്നും കണക്കുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് സ്വന്തം വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ വർഷം മുഴുവൻ ജൈവ കൃഷി എന്ന ആശയവുമായി കൃഷി വകുപ്പ് ‘ജീവനി’ എന്ന പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ഈ പദ്ധതി വീണ്ടുമൊരു ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കും എന്നു തന്നെയാണ് പ്രതീക്ഷ. രാസവളം ചേർക്കാത്ത പച്ചക്കറികൾ നമ്മളിൽപലരും ഉൽപാദിപ്പിക്കാൻ തുടങ്ങിയ ഒരു കാലഘട്ടമാണിത്. ഇതിൽ നിന്നും പ്രജോദനം ഉൾക്കൊണ്ടു കൊണ്ട് മുന്നോട്ടു വരുന്നവർക്ക് ഒരു നല്ല മാർഗ ദർശിയാണ് കൃഷി വകുപ്പിന്റെ ‘ജീവനി’ പദ്ധതി. ഒരു കാലഘട്ടത്തിൽ കൃഷിയെ മോശം ജോലിയായി കണ്ട മലയാളീ ഇപ്പോൾ നിൽക്കുന്നത് ഒരു മാറ്റത്തിന്റെ പാതയിലാണ്. എപ്പോഴോ കൈമോശം വന്നു പോയ കൃഷി നമ്മുടെ ആരോഗ്യത്തെ ബാധിക്കും എന്ന തിരിച്ചറിവിലാണ് നാം ഇപ്പോൾ നിൽക്കുന്നത്. അതുകൊണ്ട് ജീവനി എന്ന പദ്ധതി കേരളത്തിൽ വലിയ ഒരു വിജയം ആയിരിക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് കൃഷി വകുപ്പും സർക്കാരും.

You must be logged in to post a comment Login