മലയാളികള്‍ക്ക് ചക്ക ഒരു നാടന്‍ ഭക്ഷണമാണ്. നാട്ടിന്‍ പുറങ്ങളിലെങ്കിലും പണം കൊടുത്തു വാങ്ങേണ്ടാത്ത, മായം കലരാത്ത ഒരു ഭക്ഷ്യവസ്തു. ചക്കയ്ക്ക് പ്രത്യേക ആരോഗ്യവശങ്ങളൊന്നും തന്നെയില്ലെന്നാണ് പലരുടേയും കണക്കൂകൂട്ടല്‍. എന്നാല്‍ അതല്ല, ചക്കയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രിൽ മുതൽ ജൂലായ് വരെയാണ്. ചില പ്രത്യേക കാലയളവിൽ മാത്രം ലഭിക്കുന്നതും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണ് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ. വലിയ അളവിൽ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വിഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങൾക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണ് ഇത് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നത്.
വാൻ പ്ലാവുകളുടെ മുകളിൽ പിടിക്കുന്ന ചക്ക കേടു കൂടാതെ അടർത്തി എടുക്കുന്നതിനുള്ള പ്രയാസവും ഒരു പ്രശ്നമാണ് കൂടാതെ ഇതിന്റെ അരക്ക് ഫലപ്രദമായി നീക്കം ചെയ്യാനും വലിയ ചക്ക പിളർന്നു ചുളയും കുരുവും എടുത്ത് പാകപ്പെടുത്തി എടുക്കുന്നതിലുള്ള അധ്വാനവും ഇതിന്റെ ഫലപ്രദമായ വിനിയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുൻകൈ എടുത്ത് കുടുംബശ്രീകൾ, മറ്റു സൂക്ഷ്മതല സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിൻ പുറങ്ങളിൽ സംരംഭങ്ങൾ ആരംഭിച്ചു വ്യാവസായികമായി ചക്കഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്കാവുന്നതാണ്. പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവർഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താവുന്നതാണ്. ചക്കയുടെ മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു. ശീതളമായ പഴുത്ത ഫലമാകട്ടെ, വിരേചനതടസ്സം, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും, കാമോദ്ദീപകവും, മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്. ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.
പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു. ഒരു കപ്പ് ചക്കയില്‍ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്‌ട്രോള്‍ ഇവ ചക്കയില്‍ വളരെ കുറവാണ്. മഗ്‌നീഷ്യം, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയില്‍ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങള്‍ക്ക് ആന്റി കാന്‍സര്‍, ആന്റി ഏജിങ്ങ്, ആന്റി അള്‍സറേറ്റീവ് ഗുണങ്ങള്‍ ഉണ്ട്. പഴുത്ത ചക്കച്ചുള തേനില്‍ മുക്കിക്കഴിച്ചാല്‍ തലച്ചോറിന്റെ ഞരമ്പുകള്‍ക്ക് ബലം കിട്ടും. വാതരോഗത്തിനും നല്ല മരുന്നാണ്. …ബിപി കുറയാനും വിളര്‍ച്ച മാറാനും ചക്കപ്പഴം വളരെ നല്ലതാണ്. ആസ്ത്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചക്ക.

You must be logged in to post a comment Login