നെയ്യാറ്റിന്‍കര: കോവിഡ് 19 മഹാമാരി ലോകം മുഴുവന്‍ വന്‍ ദുരന്തം വിതയ്ക്കുകയാണ്. ലോക്ക് ഡൗണ്‍ കൂടി നീലവില്‍ വന്നതോടെ കേരളത്തില്‍ മദ്യവില്‍പ്പന ശാലകളും പൂട്ടി. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലായിരുന്നു മദ്യവില്‍പന ശാലകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാജ മദ്യവും വാറ്റും പിടികൂടുകയും ചെയ്തു. ഓരോ ദിവസവും ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളില്‍ ചാരായ വാറ്റു കേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം റെയ്ഡ് നടത്തുകയും രണ്ടിടത്ത് നിന്നും ഒമ്പത് ലിറ്റര്‍ ചാരായവും കോടയും മറ്റ് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ചീലാന്തിക്കുഴിയില്‍ ഒരു വീടിന്റെ അടുക്കളയിലാണ് വാറ്റ് നടത്തിയിരുന്നത്. അമ്മയും മകനും ചേര്‍ന്നായിരുന്നു വാറ്റ്. ഏക്‌സൈസ് സംഘം എത്തിയപ്പോള്‍ അമ്മയെ ഇട്ടിട്ട് മകന്‍ ഓടി രക്ഷപ്പെട്ടു. മൂന്ന് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കോടയും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചാരായം വാറ്റുകയായിരുന്ന മേരി ബേബി എന്ന അറുപതി കാരിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ മകന്‍ അനില്‍കുമാര്‍ എന്ന 40 കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. ഇവിടെ നിന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. എല്‍. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം വാറ്റിയെടുത്ത മൂന്നുലിറ്റര്‍ ചാരായം കണ്ടെടുത്തു. 45 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ മേരി ബേബിയെ റിമാന്‍ഡ് ചെയ്തു. മേരി ബേബിയുടെ മകന്‍ അനില്‍ കുമാറിനായി തിരച്ചില്‍ ശക്തമാക്കിയതായി എക്‌സൈസ് നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി .എല്‍. ഷിബു അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ രാധാകൃഷ്ണന്‍, സി. ഇ .ഒ .മാരായ വി.ശശി, അഖില്‍, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.
അരുവിപ്പുറം കൊടിതൂക്കിമലയില്‍ എക്‌സൈസ് നെയ്യാറ്റിന്‍കര റെയ്ഞ്ച് നടത്തിയ തിരച്ചിലില്‍ ആറ് ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

You must be logged in to post a comment Login