അവസാന നിമിഷം വരെ ജീവന് വേണ്ടി യാചിച്ച് പ്രതികൾ, രാത്രി ഉറങ്ങിയില്ല,ആഹാരം കഴിച്ചില്ല, കുളിച്ചില്ല, അവസാനആഗ്രഹം ഇല്ല !

0
130

2012 ഡിസംബറിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൃത്യം നടന്നത് . ഡൽഹിയിൽ ഓടി കൊണ്ടിരുന്ന ബസില്‍ വച്ചു യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരിൽ നാലുപേർ ഇന്നു രാവിലെ 5.30 യോടെ തൂക്കുകയറിൽ അവസാനിച്ചു. നേരത്തേ തന്നെ പ്രതികളിൽ ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു.

തൂക്കുകയർ വിധിക്കപ്പെട്ട പ്രതികൾ നാലുപേരും ഇന്നലെ തിഹാർ ജയിലിൽ രാത്രി മുഴുവൻ ഉറക്കമില്ലാതെ കഴിയുകയായിരുന്നു. അവസാന മണിക്കൂറുകളിൽ വ്യത്യസ്ത സെല്ലുകളിൽ ഒറ്റയ്ക്കായിരുന്നു അവർ. ചെയ്ത തെറ്റുകൾ ഓർത്ത് അവർ പശ്ചാത്തപിച്ചിരിക്കാം. അല്ലെങ്കിൽ പുലർച്ചെയോടെ ഒരു കയറിൽ തങ്ങളുടെ ജീവിതം അവസാനിക്കുമെന്ന തോന്നൽ അവരുടെ ഉറക്കം കളഞ്ഞിരിക്കണം. പ്രതികളിൽ മുകേഷ് സിങ് കഴുമരത്തിലേക്കു കയറുന്നതിനു മുൻപായി ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.

അവസാന ആഗ്രഹം എന്താണെന്നു പറയുകയോ വിൽപത്രം എഴുതുകയോ പ്രതികൾ ചെയ്തിട്ടില്ല. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് പ്രഭാതഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും വിസമ്മതിച്ചു. കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല. തിഹാർ ജയിലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് നാലുപേരെയും ജയിൽ ‍ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. അഞ്ച് പേർ മാത്രമേ തൂക്കിക്കൊല്ലുന്നതിന് സാക്ഷിയാകാൻ ഉണ്ടായിരുന്നുള്ളൂ. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേറ്റ്, ഒരു ജയിൽ ജീവനക്കാരൻ എന്നിവർ.

തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്ന പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ പ്രതിഫലവും പ്രതികളുടെ മറ്റു വസ്തുക്കളും കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. അക്ഷയ് താക്കൂർ ജോലി ചെയ്യാഞ്ഞതിനാൽ പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ല.

പ്രതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കു മാറ്റി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.