Connect with us

    Hi, what are you looking for?

    News

    സുന്ദരമായ തിളങ്ങുന്ന ചർമ്മം വേണോ ഇതൊന്നു പരീക്ഷിച്ചു നോക്കൂ !

    രണ്ടു നേരം കുളിച്ചാൽ എല്ലാം ഒ. കെ. എന്നു കരുതുന്നവരാണു മിക്ക മലയാളികളും. പക്ഷേ, അതുപോലും ചർമത്തിന് ആരോഗ്യകരമായ രീതിയിലല്ല മിക്കവരും ചെയ്യുക. തോർത്ത്, സോപ്പ്, തുടങ്ങിയവ പങ്കുവയ്‌ക്കുമ്പോൾ ടൂത്ത് ബ്രഷ് പങ്കുവയ്‌ക്കുന്നതു പോലെ തന്നെ അണുബാധയുണ്ടാകാമെന്നു പലരും ഓർക്കാറില്ല. കുളിച്ചതിനു ശേഷം വെള്ളം ശരിയായി ഒപ്പിയെടുത്തില്ലെങ്കിൽ ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യമാണു നമ്മൾ ഒരുക്കികൊടുക്കുക. വരണ്ട ചർമമുള്ളവർ അധികം സോപ്പുപയോഗിക്കുന്നതു നല്ലതല്ല. ഇതു കുളിക്കുന്നതിലെ ചില കാര്യങ്ങൾ മാത്രം. നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പലസാധനങ്ങളും ചർമത്തിനു അലർജി ഉണ്ടാക്കുന്നതാണ്. വസ്‌ത്രം, ചെരുപ്പ്, വാഷിങ് സോപ്പ്, ഹെയർഡൈ….. ഇവയിൽ പലതും നമുക്ക് ഒഴിവാക്കാനാവില്ല. പക്ഷേ, ചിലതിനു ചർമത്തിനു പ്രശ്‌നമുണ്ടാക്കാത്ത പകരക്കാരെ കണ്ടെത്താം. ഒപ്പം ചില കരുതലുകളും നൽകാം ചർമത്തിന്.ചർമ സംരക്ഷണത്തിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
    ∙ വ്യക്തിത്വശുചിത്വം പാലിക്കണം. രണ്ടു നേരം കുളിക്കുക. ചർമം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക.
    ∙ ദിവസവും രാവിലെ അൽപനേരം ഇളംവെയിൽ കൊള്ളുന്നത് ചർമാരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെയുള്ള വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. അധികം വെയിൽ കൊള്ളേണ്ടിവരുന്നവർ സൺസ്ക്രീനുകൾ ഉപയോഗിക്കണം
    ∙ പ്രമേഹ രോഗികൾ രക്തത്തിലെ ഷുഗർനില നിയന്ത്രിച്ചു നിർത്തണം.ഗുഹ്യഭാഗങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം.
    ∙ വസ്ത്രങ്ങൾ വരിഞ്ഞുകെട്ടി ഉടുക്കാതെ അൽപം വായുസഞ്ചാരം ഉപയോഗിക്കുക. പോളിയെസ്റ്റർ, സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ ശുചിത്വം പാലിക്കുക.
    ∙ വരണ്ട ചർമമുള്ളവർ സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്.
    ∙ സോപ്പ്, പൗഡർ, പെർഫ്യൂമുകൾ, ലിപ്സ്റ്റിക് എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കുക.
    ∙ പരസ്യ പ്രചരണങ്ങളിൽ കുടുങ്ങി ക്രീമുകളും ലേപനങ്ങളും വാങ്ങി ഉപയോഗിക്കരുത്. രാത്രിയിൽ മുഖത്ത് ക്രീം തേച്ച് കിടന്നുറങ്ങരുത്.
    ∙ മുഖക്കുരു ഒഴിവാക്കാനായി മുട്ടയും കൊഴുപ്പും അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക.
    ∙ പഴവർഗങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
    ∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ∙ കൃത്യമായി വ്യായാമം ചെയ്യുക.
    ∙ ദിവസേന 6-8 മണിക്കൂർ ഉറങ്ങുക.
    ∙ മാനസിക പിരിമുറുക്കം ഒഴിവാക്കാനായി യോഗം, ധ്യാനം എന്നിവ പരിശീലിക്കുക.

    സൂക്ഷിച്ചാൽ സൗന്ദര്യം വർധിക്കും

    ഒരിക്കലെങ്കിലും ഏതെങ്കിലും സൗന്ദര്യവർധക വസ്തു (കോസ്മറ്റിക്സ്) ഉപയോഗിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ സൗന്ദര്യ വർധക വസ്തു പലപ്പോഴും നമ്മുടെ ചർമത്തിനു കേടുപാടുണ്ടാക്കും. മിക്ക ഫെയർനസ് ക്രീമുകളിലും ഹൈഡ്രോക്വിനോൺ, െമർക്കുറി, സ്റ്റിറോയ്ഡ് തുടങ്ങിയവ ചേർത്തിട്ടുണ്ടാകും. ചിലതിൽ കാൻസര്‍ പ്രേരക വസ്തുക്കൾ വരെയുണ്ട്. അങ്ങനെയുള്ളവ പാർശ്വഫലങ്ങളുണ്ടാക്കും. സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പാകപ്പി‌ഴവുണ്ടായാൽ പലതരം പ്രശ്നങ്ങളാകും കാത്തിരിക്കുന്നത്. അതിനാല്‍ വിദഗ്ധ പരിശോധന നടത്തി, യോജ്യമായ കോസ്മെറ്റിക്സുകൾ തിരഞ്ഞെടുക്കണം.
    ഘടകങ്ങള്‍ അറിയാൻ വഴിയില്ല‍
    മരുന്നുകളുടെ ഉപയോഗം പോലെയല്ല കോസ്മെറ്റിക്സ് ഉപയോഗം സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങള്‍ മുഴുവൻ ഉൽപന്നത്തിന്റെ പുറത്ത് വ്യക്തമാക്കാറില്ല. അതുകൊണ്ട് അത്തരം സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധയോടെ തിരഞ്ഞെടുക്കണം. ഫെയർനസ് ക്രീമിൽ അടങ്ങിയ സ്റ്റിറോയ്ഡ്, ഹൈഡ്രോക്വനോൺ എന്നിവ ചർമം നേർത്തുപോകാൻ കാരണമാകും. ഇതിനു പുറമെ ചുവപ്പു നിറം വരാനും മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ട്. വെയിൽ ഏല്‍ക്കുമ്പോൾ പാർശ്വഫലം ഉണ്ടായി അലർജി വരാനും ക‌ാരണമാകും. കോസ്മെറ്റിക്സ‌ിൽ പല ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതിൽ ഒരാൾക്ക് അലർജിക്കു ക‌ാരണമാകുന്ന ഘടകം മറ്റൊരാൾക്ക് അലർജി ഉണ്ടാക്കണമെന്നില്ല.
    പരിശോധിച്ചറിയാം
    കോസ്മെറ്റിക്സ് ഉപയോഗിക്കുന‌്നതിനു മുൻപ് യൂസ് ടെസ്റ്റ് (USE TEST) നടത്തണം എന്നാണ് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന വസ്തു അൽപമെടുത്ത് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു പുരട്ടുക. 48 മണിക്കൂർ നിരീക്ഷിക്കണം. ആ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള മാറ്റം പ്രകടമാകുകയാണെങ്കിൽ ആ ഉൽപന്നം ഉപയോഗിക്കുന്നത് ഒഴിവാക്കണം. സൗന്ദര്യ വർധക വസ്തുക്കള്‍ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അലർജി പ്രകടമാകുകയാണെങ്കിൽ ഒരു ചര്‍മരോഗ വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അദ്ദേഹം പാച്ച് ടെസ്റ്റ് (Patch Test) നടത്തും. അതിലൂടെയാണ് അലർജിയുണ്ടോ എന്നും അത് ഏതുതരത്തിലുള്ളതാണെന്നും സ്ഥിരീകരിക്കുന്നത്. ആ ഉൽപന്നത്തിലെ ഏത് ഘടകമാണ് പ്രശ്നമെന്ന് കണ്ടെത്തി ആ ഘടകം അടങ്ങാത്ത മറ്റൊരു ഉൽപന്നം ഉപയോഗിക്കുകയും ചെയ്യാം.
    ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന കോസ്മെറ്റിക്സിന്റെ വിവിധ ഘടകങ്ങൾ രോഗിയുടെ പുറംഭാഗത്ത് പ്രത്യേക രീതിയിൽ പതിപ്പിക്കും. 48 മണിക്കൂറിനു ശേഷം അടർത്തി നോക്കും. അതിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഡോക്ടർ അതിനെ വിവിധ ഗ്രേഡുകളാക്കി തിരിക്കും. അങ്ങനെയാണ് അലർജി ഉണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നത്. ഏതെങ്കിലും കോസ്മെറ്റിക്സ് ഉപയോഗിച്ച് അലർജി ഉണ്ടായ സമയത്ത് ഈ പരിശോധന നടത്താൻ പാടില്ല.  രോഗം കൂടാൻ അതു കാരണമാകും.
    ഹെയർ ഡൈ ഉപയോഗിക്കുന്നതിനു മുൻപ് പാർശ്വഫല പരിശോധന നടത്തിയില്ലെങ്കിൽ തലയിൽ തേയ്ക്കുമ്പോൾ പൊള്ളലുണ്ടാകും. ചൊറിച്ചിൽ , മുഖം തടിച്ചുവരൽ, ചുവപ്പു നിറം വരിക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. പാരഫിനൈൽ ഡൈ അമീൻ ആണ് ഹെയർ ഡൈയിലെ പ്രധാന ഘടകം. ഇതാണ് അലർജി ഉണ്ടാക്കുന്നതെങ്കിൽ അയാൾക്ക് മറ്റൊരു ഹെയർ ഡൈയും ഉപയോഗിക്കാൻ പറ്റില്ല. എന്നാൽ, അതിൽ ചേർത്തിരിക്കുന്ന പെര്‍ഫ്യൂമോ ബേസോ പ്രിസർവേറ്റീവോ ആണ് അലർജിയെങ്കിൽ അതേ ഉൽപന്നം തന്നെ വേറെ ബ്രാൻഡ് ഉപയോഗിച്ചാൽ അലർജി വരണമെന്നില്ല.
    ലിപ്സ്റ്റക്ക് പോലെയുള്ള ചില കോസ്മെറ്റിക്സുകൾ ഉപയോഗിച്ച ശേഷം ഉടന്‍ വെയിൽ ഏൽക്കാൻ ഇടയായാൽ അത് അലർജിക്കു കാരണമാകാം.
    അതിൽ അടങ്ങിയിരിക്കുന്ന ഇയോസിൻ (EOISIN) എന്ന ഘടകം പ്രകാശപ്രതിപ്രവർത്തകം (PHOTO SENSITIVITY) ആയതിനാലാണിത്.
    അതുപോലെ പ്രശ്നങ്ങളൊന്നുമില്ലാതെ ഏറെക്കാലം ഉപയോഗിച്ചിരുന്ന ഒരു ഉൽപന്നം പെട്ടെന്ന് ഒരു ദിവസം അലർജി ഉണ്ടാക്കിയെന്നും വരാം.
    ചെറിയ കുട്ടികളിൽ പല ഉൽപന്നങ്ങളും അലർജി ഉണ്ടാക്കിയെന്നു വരില്ല. പക്ഷേ, വളർന്നു വരുമ്പോള്‍ അതേ കോസ്മെറ്റിക്സ് തന്നെ അലർജിക്കു കാരണമാകാം. ശരീരത്തിൽ ഉണ്ടാകുന്ന ആന്റിജൻ അന്റിബോഡി പ്രവർത്തന ക്രമവ്യതിയാനങ്ങളാണ് അതിനുള്ള കാരണം.
    അത്തരം അലർജികള്‍ വന്നാൽ വിദഗ്ധ ഡോക്ടറെ സമീപിക്കണം.
    കോസ്മെറ്റിക് ഡെർമറ്റോളജി
    പരമ്പരാഗതമായി പാലിക്കുന്ന സൗന്ദര്യ സംരക്ഷണ രീതികൾ പാര്‍ശ്വഫലങ്ങൾ പരമാവധി ഒഴിവാക്കി ശാസ്ത്രീയമായി ചെയ്യുന്ന ചികിത്സാ രീതിയാണ് കോസ്മെറ്റിക് ഡെർമറ്റോളജി. ചർമസംരക്ഷണത്തിനു പുറമെ സൗന്ദര്യവർധനയ്ക്കുള്ള അതിനൂതന സാങ്കേതിക വിദ്യകൾ നിലവിൽ വന്നതോടെയാണ് കോസ്മെറ്റിക് ഡെർമോറ്റൊളജി പ്രചാരമേറിയത്. ശസ്ത്രക്രിയയിലൂടെ ശരീരസൗന്ദര്യം വർധിപ്പിക്കുന്ന ചികിത്സയാണ് കോസ്മെറ്റിക് സർജറി.
    ലേസർ ചികിത്സ
    ലേസർ രശ്മികൾ‍ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. മുഖക്കുരുവിന്റെ പാട്, മറുകുകൾ, അമിത രോമവളർച്ച, കറുത്ത പാടുകൾ, അരുമ്പാറ, വെ‌ള്ളപ്പാണ്ട്, അമിത വിയർപ്പ്, തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ലേസർ ചികിത്സ ഫലപ്രദമാണ്. താരതമ്യേന പാർശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതികളാണ്. ഒരേ ലേസർ മെഷീൻ ഉപയോഗിച്ച് എല്ലാ ചികിത്സകളും ചെയ്യാനാകില്ല. ഉദാഹരണമായി ഹെയർ റിമൂവലിനു ഉപയോഗിക്കുന്ന ലേസർ കൊണ്ട് മറുകുകൾ നീക്കാനാവില്ല. സാങ്കേതിക തികവുള്ളതും മുന്നൊരുക്കത്തോടു കൂടി ചെയ്യുന്നതുമാണെന്നതിനാല്‍ ലേസര്‍ ചികിത്സ ശാശ്വതഫലദായകമാണെന്ന കാര്യത്തില്‍ സംശയമില്ല.

    Click to comment

    You must be logged in to post a comment Login

    Leave a Reply

    You May Also Like

    News

    ഇന്ത്യയിലെ ഇരുനൂറിലധികം അണക്കെട്ടുകൾക്ക് നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. അമ്പതു വർഷത്തിനുമേൽ പഴക്കമുള്ള ഏതൊരു ഡാമും സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതുവരെയ്ക്കും ഒരു അണക്കെട്ടും ഡീകമ്മീഷൻ ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. ജനങ്ങളുടെ ജീവൻ...

    News

    മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും മണ്ഡലപര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. കേരള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ...

    News

    അഭിഭാഷകന്റെ സേവനം വേണ്ടെന്ന് കളമശേരി ബോംബ് സ്‌ഫോടനം കേസ് പ്രതി ഡൊമിനിക് മാർട്ടിൻ. സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും തനിക്കായി താൻ തന്നെ സംസാരിക്കണമെന്നാണ് ആഗ്രഹമെന്നും ഡൊമനിക് കോടതിയെ അറിയിച്ചു. അഭിഭാഷകൻ വേണ്ടെന്ന...

    News

    ഭക്ഷ്യവസ്തുക്കൾ പത്രകടലാസിൽ പൊതിയുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാനും, സൂക്ഷിക്കാനും, വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിർദേശം. ന്യൂസ്‌പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ...