ടേക്ക് ഓഫിനിടെ റൺവേയിൽ വാഹനത്തേയും ആളെയും കണ്ടതിനെ തുടർന്നു നിശ്ചിത സമയത്തിനു മുൻപു വിമാനം ആകാശത്തിലേക്ക് ഉയർത്തി പൈലറ്റ്. പുണെ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പുണെയിൽ നിന്നു ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എ321 വിമാനമാണ് അടിയന്തരമായി ടേക്ക് ഓഫ് നടത്തിയത്. വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ്.
പെട്ടന്നുള്ള പറക്കലിൽ വിമാനത്തിന്റെ പുറംച്ചട്ടയ്ക്കു ചെറിയ കേടുപാടു സംഭവിച്ചെങ്കിലും ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ടേക്ക് ഓഫിനായി വിമാനം റൺവേയിലൂടെ നീങ്ങുന്നതിനിടെ പെട്ടന്നാണ് ഒരു ജീപ്പും ഒരാളും റൺവേയിൽ നിൽക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. കൂട്ടിമുട്ടൽ ഒഴിവാക്കാൻ വിമാനം പെട്ടന്ന് ആകാശത്തിലേക്ക് ഉയർത്തുകയായിരുന്നു. വിമാനം നീങ്ങിക്കൊണ്ടിരുന്നത് മണിക്കൂറിൽ ഏകദേശം 222 കി.മീറ്റർ വേഗതയിലാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതിനെ തുടർന്ന് വിമാനത്തിന്റെ സർവീസ് തൽക്കാലം നിർത്തിവച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. വിമാനത്തിന്റെ കോക്‌പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കുമെന്നും. പുണെ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായും ഡിജിസിഎ അറിയിച്ചു.

You must be logged in to post a comment Login