മദ്യശാലകൾ കോവിഡ് -ലോക്ഡൗണിനെ തുടർന്ന് പൂട്ടിയതോടെ വ്യാജവാറ്റ് വ്യാപകമാകുന്നു. 350 ലീറ്റർ കോടയാണ് എക്സൈസ് ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കരിങ്ങാട്ടിൽ ഭാഗത്ത് നിന്നും കണ്ടെടുത്തത്. 35 ലീറ്റർ വീതം വരുന്ന 10 കന്നാസുകളിൽ പള്ളിക്കലാറ്റിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ചാരായവുമായി ഒരാൾ കുന്നത്തൂർ മാടൻനടയിൽ വച്ച് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വിദേശ മദ്യ ചില്ലറ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്.
കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട് . ചാക്കു കണക്കിന് ശർക്കരയാണ് പലചരക്ക് കടകളിൽ നിന്നും വാറ്റ് ചാരായ നിർമാണത്തിനായി ആളുകൾ വാങ്ങി കൂട്ടുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളും ഏലത്തോട്ടങ്ങളും കേന്ദ്രമാക്കിയാണ് വാറ്റ് പുരോഗമിക്കുന്നത്. കടകൾ , വീടുകൾ എന്നിവ കേന്ദ്രമാക്കി വിദേശ മദ്യത്തിന്റെ ചില്ലറ വിപണനവും നടക്കുന്നുണ്ട് . ലോക്ഡൗൺ പ്രഖ്യാപനത്തിനു ആഴ്ചകൾക്ക് മുൻപ് വിപണന സംഘങ്ങൾ കെയ്സ് കണക്കിനു വിദേശ മദ്യം സ്റ്റോക്ക് ചെയ്തതായാണു ലഭിക്കുന്ന വിവരം. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എക്സൈസ് പറഞ്ഞു.

You must be logged in to post a comment Login