കോവിഡ് പോരാട്ടത്തില്‍ ഉപകരണങ്ങള്‍ക്ക് കേടുപാട്, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയില്‍

0
110

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തില്‍ കേരള പൊലീസിന് പിന്തുണ നല്‍കുന്ന ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയില്‍. ഡ്രോണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും കേടായ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ലഭ്യമല്ലാത്തതുമാണ് ഇവര്‍ക്ക് തിരിച്ചടിയാകുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് നിരീക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന ഒരുപാട് ഡ്രോണുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ക്രാഷ് ആയിട്ടുണ്ട്. കസ്റ്റംസ് നിയന്ത്രണങ്ങള്‍ മൂലം ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ലഭ്യമല്ല. ഡ്രോണ്‍ കേരളത്തിലെ 350ഓളം ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ തങ്ങളുടെ സേവനം തികച്ചും സൗജന്യമായാണ് കേരള പൊലീസിന് വേണ്ടിയും പൊതുസമൂഹത്തിനു വേണ്ടിയും നല്‍കിയിരിക്കുന്നത്.

ഏരിയല്‍ ഫോട്ടോഗ്രാഫി, ഏരിയല്‍ മാപ്പിംഗ്, സിനിമ, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ആര്‍സി ക്ലബ്ബുകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയില്‍ നിന്നുള്ള ആളുകളാണ് പോലീസിനായി കൊവിഡ് കാലത്ത് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഉപജീവനമാര്‍ഗ്ഗം പോലും നിലച്ചുപോയ ഈ അവസരത്തില്‍ ഉപകരണങ്ങളുടെ തേയ്മാനം, പാട്‌സ് ലഭിക്കാത്തത് തുടങ്ങിയ കാര്യങ്ങള്‍ പോലും വിസ്മരിച്ചുകൊണ്ട് സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് സമൂഹത്തിന് വേണ്ട ശ്രദ്ധ ലഭിക്കുന്നില്ലെന്നും ‘സ്‌കൈലിമിറ്റ്’ എന്ന ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയിലെ അംഗമായ സൂരജ് സുകുമാരന്‍ പറയുന്നു. ‘സ്‌കൈലിമിറ്റ്’, ‘പിഎസിഎ'(പ്രൊഫഷണല്‍ ഏരിയല്‍ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍) എന്നീ കൂട്ടായ്മകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി പ്രവര്‍ത്തിക്കുന്നത്.