കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കുന്നതിന് 2020 മാര്‍ച്ച് 31 വരെ ഇളവ്.

0
137

കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കുന്നതിന് 2020 മാര്‍ച്ച് 31 വരെ ഇളവ്. കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിടുന്നതിന് മുമ്പേയുള്ള ലൈസന്‍സുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നതിനുള്ള തീയതി 31.03.2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. ഇപ്രകാരം അപേക്ഷ നല്‍കുന്നവര്‍ക്ക് അപേക്ഷാ ഫീസും പിഴയും അടച്ചാല്‍ റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് പുതുക്കാം. കേന്ദ്ര നിയമ ഭേദഗതിയെ തുടര്‍ന്ന് ഒക്ടോബര്‍ മുതലാണ് ലൈസന്‍സ് പുതുക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. ഇത്തരം വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര ഗതാഗതവകുപ്പുമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയിലാണ് മാര്‍ച്ച് വരെ ഇളവ് നല്‍കിയത്.
കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു കേന്ദ്ര നിയമ ഭേദഗതിയെത്തുടര്‍ന്നുള്ള പുതിയ വ്യവസ്ഥ. ഒരു വര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, എട്ട് , എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതുമായിരുന്നു വ്യവസ്ഥകള്‍. പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിർദേശം പെട്ടെന്ന് നടപ്പാക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചുണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് കത്തയച്ചത്. ഈ അവസരം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗതാഗതമന്ത്രി അഭ്യര്‍ഥിച്ചു.