എഴുപുന്ന നീണ്ടകരയിൽ നായ്ക്കളെ വെട്ടിക്കൊന്ന കേസിൽ തുമ്പില്ലാതെ പൊലീസ് വലയുന്നു. കേസുമായി ബന്ധപ്പെട്ടു ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അരൂർ സ്റ്റേഷനിലെത്തി വിവരങ്ങൾ വിലയിരുത്തി. അക്രമിയായ അജ്ഞാതനെ വെള്ളിയാഴ്ച അർധരാത്രിയോടെ വീണ്ടും കണ്ടെന്ന നീണ്ടകര സ്വദേശി സ്ത്രീയുടെ മൊഴിയാണ് പൊലീസിനെ വട്ടം കറക്കുകയാണ്.
മുൻ സംഭവം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഇത്തവണ അജ്ഞാതനെ കണ്ടെന്നു റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പ്രദേശമാകെ വളഞ്ഞുള്ള പരിശോധനയാണ് നടത്തുന്നത്. യുവതിയുടെ മൊഴിയെ തുടർന്ന് അരൂർ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ കൂടുതൽ പൊലീസിനെ ഉൾപ്പെടുത്തി പട്രോളിങ് ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ചേർത്തല ഡിവൈഎസ്പി കെ.ജി. ലാൽ പട്രോളിങ് സംഘത്തിന് നേതൃത്വം നൽകും. സ്ക്വാഡ് പ്രവർത്തനവും ഇതിനൊപ്പം നാട്ടുകാരെ ചേർത്ത് നടക്കുന്നുണ്ട്. വളർത്തു നായ്ക്കൾക്കെതിരെയുള്ള അജ്ഞാതന്റെ ആക്രണം തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് ആഴ്ചയായി. കഴിഞ്ഞ 10നും 13നും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തിയത്. സംഭവം ഇതോടെയാണ് പുറംലോകമറിഞ്ഞത്.
എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര പ്രദേശത്ത് ആറു നായ്ക്കൾ ചത്തതിൽ മൂന്നു എണ്ണത്തെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. മറ്റുള്ളവ വിഷം ഉള്ളിൽ ചെന്നാകാം ചത്തതെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തതിനു ശേഷമാണ് നായ്ക്കളെ വെട്ടി കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വളർത്തുമൃഗങ്ങളെ കൊല്ലുക, വെട്ടി പരുക്കേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കുള്ള സെക്‌ഷൻ 428 വകുപ്പ് പ്രകാരം അരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

You must be logged in to post a comment Login