ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പിടിയിലായിരിക്കുകയാണ് ലോകം. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,297 ആയി. 24 മണിക്കൂറില്‍ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറില്‍ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. ഇതുവരെ 3647 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇറാനില്‍ മരണസംഖ്യ 2077 കവിഞ്ഞു. ഒറ്റ ദിവസം മാത്രം 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. ന്യൂയോര്‍ക്കിന്റെയും അമേരിക്കയുടെയും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ പുതുതായി 10,000 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 68,489 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയിലധികവും കേസുകള്‍ ന്യൂയോര്‍ക്കില്‍ നിന്ന് മാത്രമുള്ളതാണ്.അമേരിക്കയിലെ ബിസിനസ്, തൊഴില്‍, ആരോഗ്യ പാലന രംഗങ്ങള്‍ കൊറോണ മൂലം താളം തെറ്റുന്ന അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ രണ്ട് ലക്ഷംകോടി ഡോളറിന്റെ അടിയന്തര രക്ഷാ പാക്കേജിന് വൈറ്റ് ഹൗസിന് പിന്നാലെ സെനറ്റും അംഗീകാരം നല്‍കി. സെനറ്റിലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ ഏകകണ്ഠമായാണ് പാക്കേജ് അംഗീകരിച്ചത്. മുതിര്‍ന്നവര്‍ക്ക് 1,200 ഡോളറും കുട്ടികള്‍ക്ക് 500 ഡോളറും ഒറ്റത്തവണ പണമായി നല്‍കുന്നു എന്നതാണ് പാക്കേജിന്റെ ഒരു പ്രത്യേകത. ആശുപത്രികള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് പാക്കേജ്. അമേരിക്കയില്‍ അടുത്ത പത്ത് ആഴ്ചയെങ്കിലും കൊറോണ ഭീഷണി തുടരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

You must be logged in to post a comment Login